കനത്ത പോലീസ് സുരക്ഷയില്‍ സന്നിധാനം

ശബരിമല: ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് നട തുറക്കുന്ന സാഹചര്യത്തിൽ കനത്ത പോലീസ് സുരക്ഷയില്‍ സന്നിധാനം. ശബരിമല സന്നിധാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നിലവിൽ വന്നു. സന്നിധാനം, പമ്പ, നിലക്കൽ , ഇലവുങ്കൽ എന്നീ നാല് സ്ഥലങ്ങളിലാണ് ആറാം തിയ്യതി അർധരാത്രിവരെ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

എഡിജിപിയുടെ നേതൃത്വത്തിൽ 1200 ഓളം സുരക്ഷാംഗങ്ങളെയാണ് സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത്. യുവതി പ്രവേശനം തടയാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍ കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.   തീർത്ഥാടകർ തിരിച്ചറിയൽ രേഖകൾ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇരുമുടിക്കെട്ട് ഇല്ലാത്ത തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നാണ് പൊലീസിന്‍റെ നിലപാട്. രേഖകൾ പരിശോധിച്ച ശേഷമേ തീർത്ഥാടകരെ കടത്തിവിടൂ എന്നാണ് പൊലീസ് നിലപാട്. മാധ്യമ പ്രവർത്തകർക്കും അഞ്ചാം തിയ്യതി മാത്രമേ പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശനം അനുവദിക്കൂ.

അതേസമയം, സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമാകാനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏ‍ജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. നാളെ രാവിലെയാണ് ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *