കണ്ടെയ്ന്‍മെന്റ് സോണിലെ പ്രചാരണം: 20 പേരില്‍കൂടരുതെന്ന് കളക്ടര്‍

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നടത്തുമ്ബോള്‍ കടുത്ത ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. 20 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഒരു പരിപാടിയും കണ്ടെയ്ന്‍മെന്റ് സോണില്‍ നടത്തരുത്. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തും വലിയ തോതിലുള്ള ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണു നിയന്ത്രണങ്ങള്‍.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്നലെ (21 നവംബര്‍) ചേര്‍ന്ന എം.സി.സി. മോണിറ്ററിങ് സെല്‍ യോഗത്തില്‍ കളക്ടര്‍ പറഞ്ഞു. കോവിഡ് വ്യാപനം വലിയ രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. ഈ സ്ഥിതിയില്‍ നിന്നു പിന്നോട്ടു പോകാനാകില്ല. ഇതു മുന്‍നിര്‍ത്തി രോഗവ്യാപനം തടയാനുള്ള എല്ലാ നിയന്ത്രണങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കര്‍ശനമാക്കണം. ഇക്കാര്യം എംസിസി സ്‌ക്വാഡുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തില്‍ ഒരു സമയം സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചു പേര്‍ മാത്രമേ പാടുള്ളൂവെന്നത് കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

നിയമം ലംഘിച്ചു സ്ഥാപിച്ച 177 പ്രചാരണോപാധികള്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമാനുസൃതമാണോ എന്നു പരിശോധിക്കുന്നതിനാണ് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചത്. വരും ദിവസങ്ങളിലും ഇവരുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കും. സ്‌ക്വാഡിന്റെ എണ്ണം കൂട്ടുന്ന കാര്യവും പരിശോധിക്കും.

രാഷ്ട്രീയ കക്ഷികളും മറ്റു സംഘടനകളും വഴിയോരങ്ങളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന പ്രചാരണേതര ബോര്‍ഡുകളും പോസ്റ്ററുകളും രണ്ടു ദിവസത്തിനകം നീക്കം ചെയ്യണം. വീഴ്ച വരുത്തിയാല്‍ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇവ നീക്കം ചെയ്യുന്നതും അതിന്റെ ചെലവ് അതതു രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *