കാലാവസ്ഥാ വ്യതിയാനത്തിന് എതിരെയും സമഗ്ര പോരാട്ടം ആവശ്യം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ സമഗ്രവും വിശാലവുമായ രീതിയിലാണ് പോരാടേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള മഹാമാരിയില്‍ നിന്ന് പൗരന്മാരെയും സമ്ബദ്‌വ്യവസ്ഥയെയും രക്ഷിക്കുന്നതില്‍ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലെ തന്നെ തുല്യപ്രാധാന്യത്തോടെ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സഊദി ആഥിത്യമരുളുന്ന ജി -20 വെര്‍ച്ച്‌വല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറഞ്ഞ കാര്‍ബണ്‍, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വികസന രീതികള്‍ ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാരീസ് കരാര്‍ ലക്ഷ്യങ്ങള്‍ ഇന്ത്യ നിറവേറ്റുക മാത്രമല്ല, അതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. എല്‍ഇഡി ലൈറ്റുകള്‍ ജനപ്രിയമാക്കിയിട്ടുണ്ടെന്നും ഇത് പ്രതിവര്‍ഷം 38 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുവാന്‍ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ ഏറ്റവും വലിയ ക്ലീന്‍ എനര്‍ജി ഡ്രൈവുകളിലൊന്നായ ഉജ്ജ്വല പദ്ധതിയിലൂടെ 80 ദശലക്ഷത്തിലധികം വീടുകള്‍ക്ക് പുകയില്ലാത്ത അടുപ്പുകള്‍ നല്‍കിയെന്നും അദ്ദെഹം വ്യക്തമാക്കി.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തിന്റെ വനമേഖല വികസിച്ചുകൊണ്ടിരിക്കുകയാണ്. സിംഹങ്ങളുടെയും കടുവകളുടെയും എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 2030 ഓടെ 26 ദശലക്ഷം ഹെക്ടര്‍ ഭൂമി പുനസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.

അടുത്ത തലമുറക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ മെട്രോ നെറ്റ്‌വര്‍ക്കുകള്‍, ജലമാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ഇന്ത്യ നിര്‍മ്മിക്കുന്നുണ്ട്. 2022 ഓടെ ഇന്ത്യ 175 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജം കൈവരിക്കുമെന്നും 2030 ഓടെ അത് 450 ജിഗാവാട്ട് ആയി ഉയര്‍ത്തുവാന്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പുതിയതും സുസ്ഥിരവുമായ സാങ്കേതികവിദ്യകളില്‍ ഗവേഷണവും നവീകരണവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് മോദി പറഞ്ഞു. എല്ലാവരും സഹകരണ മനോഭാവത്തോടെയാണ് ഇത് ചെയ്യേണ്ടത്. വികസ്വര രാജ്യങ്ങള്‍ക്ക് സാങ്കേതികവിദ്യയുടെയും സാമ്ബത്തികത്തിന്റെയും കൂടുതല്‍ പിന്തുണയുണ്ടെങ്കില്‍ ലോകത്തിന് മുഴുവന്‍ വേഗത്തില്‍ മുന്നേറാന്‍ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *