അമിത്ഷാക്ക് നേരെ പ്ലക്കാര്‍ഡ് എറി; 67കാരന്‍ കസ്റ്റഡിയില്‍

ചെന്നൈ : തമിഴ്നാട്ടിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞ് പ്രതിഷേധിച്ചയാളെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തു. 67 വയസ്സുകാരനായ ദുരൈരാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അമിത് ഷാ തിരിച്ചുപോവുക എന്നാണ് പ്ലക്കാര്‍ഡിലുണ്ടായിരുന്നത്. ജിഎസ്ടി റോഡിലൂടെ നടന്ന് ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുമ്പോഴായിരുന്നു പ്രതിഷേധം.

ചെന്നൈ വിമാനത്താവളത്തിന് സമീപത്തെ റോഡിലൂടെ പ്രോട്ടോകോള്‍ തെറ്റിച്ചാണ് അമിത് ഷാ ഇറങ്ങി നടന്നത്. അമിത് ഷായെ കാത്തുനിന്ന ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ പ്ലകാര്‍ഡ് വലിച്ചെറിയുകയായിരുന്നു. ബാരികേഡിന് അപ്പുറം നിന്നാണ് പ്രതിഷേധിച്ചത്. പൊലീസ് ഇയാളെ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് നിന്ന് മാറ്റി. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ചെന്നൈ സ്വദേശിയായ ദുരൈ രാജ് ആണ് പിടിയിലായതെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ തമിഴ്നാട്ടിലെത്തിയത്. ഇന്നലെ ഗോബാക്ക് അമിത് ഷാ  എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയിരുന്നു.

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തി ഉൾപ്പെടെ 8 പദ്ധതികളാണ് അമിത് ഷാ ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. തൽകാലം പാർട്ടി പ്രഖ്യാപനമില്ലെന്ന് പറഞ്ഞ നടൻ രജനീകാന്തിനെ കാണാനും ശ്രമമുണ്ട്. എന്നാൽ രജനി ഇക്കാര്യത്തിൽ മറുപടി നൽകിയിട്ടില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അണ്ണാഡിഎംകെയുമായി സീറ്റ് കാര്യങ്ങളിൽ ധാരണയാവുകയെന്ന ലക്ഷ്യം കൂടിയുണ്ട് അമിത് ഷായുടെ സന്ദർശനത്തിന്.

Leave a Reply

Your email address will not be published. Required fields are marked *