ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

ബേക്കല്‍(കാസര്‍കോട്): കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറിയായ പ്രദീപ് കോട്ടത്തലയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി.ഐ അനില്‍കുമാര്‍ മുമ്ബാകെ ഇന്ന് ഹാജരായത്.

ബേക്കല്‍ സി.ഐ. ഓഫിസില്‍ ഹാജരാകുന്നതിന് പകരം ഹൊസ്ദുര്‍ഗ് സി.ഐ. ഓഫിസിലാണ് പ്രദീപ് എത്തിയത്. പ്രദീപിനെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ ബേക്കല്‍ സി.ഐ. ചോദ്യം ചെയ്തു.കോട്ടിക്കുളം സ്വദേശിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പ്രദീപിനെതിരെ ബേക്കല്‍ പൊലിസ് കേസെടുത്തത്. തുടര്‍ന്ന് സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടയില്‍ പ്രദീപ് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

ജാമ്യഹരജി പരിഗണിച്ച കോടതി പ്രദീപ് നവംബര്‍ 19ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകാണമെന്നു നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ രാവിലെ പ്രദീപ് സി.ഐക്ക് മുന്നില്‍ ഹാജരായത്.

നടിയെ അക്രമിച്ച കേസിലെ പ്രതികളിലൊരാളായ നടന്‍ ദിലീപിന് കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയുടെ നിര്‍ദേശപ്രകാരം കത്തെഴുതിയത് താനാണെന്ന് വിപിന്‍ലാല്‍ പൊലിസിലും കോടതിയിലും മൊഴി നല്‍കിയിരുന്നു.
എന്നാല്‍ കത്തെഴുതിയത് താനല്ലെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് വിപിന്‍ലാലിനെ ഫോണ്‍ മുഖേനയും കത്ത് അയച്ചും പ്രദീപ് ഭീഷണിപ്പെടുത്തിയെന്ന വിപിന്‍ലാലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബേക്കല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *