പാലാരിവട്ടം പാലം അഴിമതിക്കേസ്: വിവി നാഗേഷ് അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിവി നാഗേഷിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി കാലാവധി. നാഗേഷിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നാളെ പരിഗണിക്കും. നാഗേഷ് ഉടമയായിട്ടുള്ള നാഗേഷ് കണ്‍സള്‍ട്ടന്‍സി ആയിരുന്നു പാലാരിവട്ടം പാലം രൂപകല്‍പ്പന ചെയ്തത്. പാലാരിവട്ടം പാലത്തിന്റെ രൂപകല്‍പ്പന ഇയാള്‍ മറ്റൊരു കമ്ബനിക്കും കൈമാറിയിരുന്നു. ഇന്നലെയാണ് ഇയാളെ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തത്. നാഗേഷനൊപ്പം പാലം രൂപകല്‍പ്പനയില്‍ പങ്കാളിയായിരുന്ന മഞ്ജുനാഥിനെ നേരത്തെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

കേസില്‍ 17 ലക്ഷം രൂപയാണ് കണ്‍സള്‍ട്ടന്‍സി രൂപകല്‍പ്പനയ്ക്കായി നാഗേഷ് കൈപ്പറ്റിയത്. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചക്ക് അതിന്റെ രൂപകല്‍പ്പനയിലെ പിഴവും കാരണമായെന്ന് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് അറസ്റ്റ്. നിര്‍മ്മാണക്കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് ഗ്രൂപ്പ് എംഡിയും ഒന്നാം പ്രതിയുമായ സുമിത് ഗോയലിന് ലാഭമുണ്ടാക്കാനായി വിവി നാഗേഷ് പ്രവര്‍ത്തിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം കേസില്‍ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേര്‍ത്തിരുന്നു. കേസില്‍ പത്താം പ്രതിയാണ് ഹനീഷ്. അനധികൃതമായി വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നെന്നാണ് മുഹമ്മദിനെതിരായ കേസ്. സുരക്ഷാ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ചപറ്റിയെന്നും അന്വേഷണ സംഘം കണ്ടെത്തി.

പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ ചുമതല റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്(ആര്‍ബിഡിസി) ആയിരുന്നു. നിര്‍മ്മാണത്തിനായി കമ്ബനിക്ക് സര്‍ക്കാര്‍ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ നല്‍കിയിരുന്നു. പാലം നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. പണം മുന്‍കൂറായി ആര്‍ബിഡിസിക്ക് നല്‍കിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത് സെക്രട്ടറി ടിഒ സൂരജ് പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *