പൊലീസ് നടത്തിയ അക്രമത്തിലാണ് ശിവദാസന്‍ മരിച്ചതെന്നു കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : ശബരിമലയില്‍ പൊലീസ് നടത്തിയ അക്രമത്തിലാണ് പന്തളം സ്വദേശി ശിവദാസന്‍ മരിച്ചതെന്നു ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍.

ആന ചവിട്ടിക്കൊന്നു എന്നാണ് പൊലീസ് പറയുന്നത്. രക്തസ്രാവത്തെത്തുടര്‍ന്നാണ് ശിവദാസന്‍ മരിച്ചത്. അദ്ദേഹത്തിന്റെ തുടയെല്ലു പൊട്ടി. വാഹനാപകടം നടന്നതിനു തെളിവില്ല. മൃതദേഹത്തിനരികെ വാഹനം സുരക്ഷിതമായിരുന്നു. എല്ലാ മാസവും ഒന്നാം തീയതി ശബരിമലയില്‍ പോകുന്നയാള്‍ എന്തിനാണ് മൂന്നാം തീയതി പോകുന്നത്. ഏതോ തമിഴ്‌നാട്ടുകാരന്റെ ഫോണില്‍ ശിവദാസന്‍ വീട്ടിലേക്കു വിളിച്ചെന്നാണു പറയുന്നത്. തിരിച്ച് ആ ഫോണില്‍ വീട്ടുകാര്‍ വിളിച്ചപ്പോള്‍ ഫോണിന്റെ ഉടമസ്ഥന്‍ തമിഴ്‌നാട്ടില്‍ എത്തിയെന്നാണ് പറഞ്ഞത്. പൂര്‍ണമായും ദുരൂഹമാണ് പൊലീസ് നടപടിയെന്നും ദുരൂഹത മാറ്റാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ ‘മുഖാമുഖം’ പരിപാടിയില്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കാനും ഭക്തരെ അപകീര്‍ത്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടികള്‍. കൃത്യമായ രാഷ്ട്രീയ അജന്‍ഡയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറേ ദര്‍ശനം അനുവദിക്കൂ എന്നാണു പൊലീസ് പറയുന്നത്. ഒരു ഭക്തന്‍ മൂന്നു ദിവസം ഭജനം ഇരിക്കണമെന്നു വിചാരിച്ചാല്‍ എങ്ങനെ തടയാന്‍ കഴിയും? ഇത്തരം നിയന്ത്രണം കൊണ്ടു വരാനുള്ള അധികാരം സര്‍ക്കാരിനില്ല. അങ്ങനെ നിയമങ്ങളുമില്ല. ഭക്തജനങ്ങളുടെ അവകാശത്തെ ഹനിക്കാനാണ് നീക്കം നടക്കുന്നത്. ശബരിമലയുടെ നിയന്ത്രണം സിപിഎം ആഗ്രഹിക്കുന്ന തരത്തില്‍ കൈപ്പിടിയിലൊതുക്കാനാണ് ശ്രമം.ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലേക്ക് ആരെയും കടത്തിവിടില്ല എന്നാണു പൊലീസ് പറയുന്നത്. ഇരുമുടിക്കെട്ടില്ലാതെയും അയ്യപ്പനെ ദര്‍ശിക്കാം. പതിനെട്ടാം പടി കയറുന്നതിനാണ് ഇരുമുടിക്കെട്ട്. മറ്റൊരു വഴിയിലുടെ അയ്യപ്പനെ തൊഴാന്‍ ഭക്തര്‍ക്കു സ്വാതന്ത്ര്യമുണ്ട്. കീഴ്വഴക്കങ്ങളെ ലംഘിക്കുകയാണ് സര്‍ക്കാര്‍. പൊലീസിന്റെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള പ്രവൃത്തികള്‍ നിയമവിരുദ്ധമാണ്. അയ്യപ്പ ഭക്തരുടെ 280 ചിത്രങ്ങള്‍ പുറത്തുവിടാന്‍ എന്ത് അധികാരമാണ് പൊലീസിനുള്ളതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. നിരപരാധികളായ ഭക്തരുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കാന്‍ പൊലീസിന് അധികാരമില്ല. കേസെടുത്ത 3,500 ആളുകളില്‍ പകുതി പേരെ കോടതി വെറുതേ വിട്ടു. ജാമ്യം കിട്ടുന്ന വകുപ്പുകളാണ് അവരില്‍ ചുമത്തിയിരുന്നത്. അവരുടെ ചിത്രം എന്തിനാണു പുറത്തു വിട്ടത്. വിദ്യാര്‍ഥികളും അധ്യാപകരും സാധാരണ അയ്യപ്പഭക്തരും ആ കൂട്ടത്തിലുണ്ട്. അവര്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. എന്തു കുറ്റമാണ് അവര്‍ ചെയ്തത്. സിപിഎമ്മും ഡിവൈഎഫ്‌ഐക്കാരും എത്രയോ അക്രമസമരം നടത്തിയിട്ടുണ്ട്. പൊലീസ് അപ്പോഴെല്ലാം ഫോട്ടോ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ? സന്നിധാനത്ത് തൊഴുതു നില്‍ക്കുന്ന ഭക്തരുടെ ഫോട്ടോ പോലും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ പോലും നടക്കാത്ത കാര്യങ്ങളാണിത്. ശബരിമലയെ കലാപ ഭൂമിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. മനഃപൂര്‍വം യുവതീപ്രവേശം സാധ്യമാക്കുക എന്ന അജന്‍ഡയാണ് സര്‍ക്കാരിനുള്ളത്. ശബരിമലയെ ഭയത്തിന്റെ കേന്ദ്രമാക്കാനും ഭയപ്പെടുത്തി കാര്യങ്ങള്‍ നേടാനും സര്‍ക്കാര്‍ ശ്രമിക്കുന്നു. ശബരിമല കുരുതിക്കളമാക്കാന്‍ ബിജെപി അനുവദിക്കില്ല. സമാധാനപരമായി ചെറുത്തു നില്‍ക്കും. നെയിം ബോര്‍ഡ് പോലുമില്ലാത്ത പൊലീസിനെ ശബരിമലയില്‍ നിയമിക്കാന്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരുമോയെന്ന ചോദ്യത്തിന്, സംസ്ഥാനം കേന്ദ്രത്തോട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആവശ്യപ്പെടട്ടെയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം കാരണമാണ് ശബരിമലയില്‍ ഈ നില വന്നത്. അവര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പറയട്ടെ. ഒരു വശത്ത് വിശ്വാസത്തെ മാനിക്കുന്നതായും മറുവശത്ത് കോടതി വിധി നടപ്പിലാക്കുമെന്നുമുള്ള, രണ്ടു തോണിയില്‍ കാലുവച്ചുള്ള കളി വേണ്ട. ദേവസ്വം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലല്ല. സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയും. സംഘപരിവാര്‍ സംഘടനകള്‍ കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളെ പൊലീസ് തെറ്റിദ്ധരിപ്പിക്കുകയാണ്. ശബരിമലയില്‍ എന്തോ ഗൂഢാലോചന നടത്താനാണ് മാധ്യമങ്ങളെ അവിടെനിന്നു വിലക്കിയിരിക്കുന്നത്. ശബരിമലയിലെ നിരോധനാജ്ഞ തന്നെ നിയമ വിരുദ്ധമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു
ശബരിമലയില്‍ ബലിദാനികളെ സൃഷ്ടിക്കാനാണോ ബിജെപി ശ്രമിക്കുന്നതെന്ന ചോദ്യത്തിന്, രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പാരമ്പര്യമുള്ളത് സിപിഎമ്മിനാണെന്നു സുരേന്ദ്രന്‍ പറഞ്ഞു. പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സിപിഎമ്മുകാരാണ്. പാമ്പ് കടിച്ചു മരിച്ചവരെപ്പോലും രക്തസാക്ഷികളാക്കിയത് സിപിഎമ്മാണ്. ബലിദാനികളെ വച്ചു രാഷ്ട്രീയം കളിക്കുന്ന പാരമ്പര്യം ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *