സെന്റ് ജോര്‍ജ് പള്ളി ഇനി ഓര്‍ത്തഡോക്സ് സഭയ്ക്ക്

എറണാകുളം: മൂവാറ്റുപുഴ മുടവൂര്‍ പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്ത് വിഭാഗത്തിന് കൈമാറി. പള്ളിയുടെ പൂട്ടു പൊളിച്ചാണ് ഫയര്‍ ഫോഴ്സിനെയും പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം അകത്തു കയറിയത്. പള്ളി ഏറ്റെടുക്കണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

മൂവാറ്റുപുഴ മുടവൂര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തു ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് സുപ്രീം കോടതിയുടെ വിധി ഉണ്ടായിരുന്നു. എന്നാല്‍, ഇത് നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ നടപടിയുമായി ഓര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.

ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളി ഏറ്റെടുത്തു ചൊവ്വാഴ്ചക്ക് മുമ്ബ് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നിര്‍ദ്ദേശപ്രകാരം മൂവാറ്റുപുഴ തഹസില്‍ദാര്‍ കെ.എസ് സതീഷ്, പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ എത്തിയത്.

പ്രതിഷേധവുമായി യാക്കോബായ സഭാ വിശ്വാസികള്‍ പള്ളിക്ക് മുന്നില്‍ അണിനിരന്നിരുന്നു. ഇവരെ പൊലീസ് നീക്കി. പള്ളിയുടെ താക്കോല്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും യാക്കോബായ വിശ്വാസികള്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് ആദ്യം പള്ളിയുടെ ഗേറ്റും പിന്നീട് പ്രധാന വാതിലും പൊളിച്ച്‌ പൊലീസ് സഹായത്തോടെ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ പള്ളിക്കകത്ത് കയറി. തുടര്‍ന്ന് ഓര്‍ത്തോഡോക്സ് സഭാംഗങ്ങള്‍ പള്ളിക്കുള്ളില്‍ ആരാധന നടത്തി.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നേരത്തെ മൂന്നു തവണ പള്ളി ഏറ്റെടുക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം എത്തിയെങ്കിലും അതിന് സാധിച്ചിരുന്നില്ല. ഭൂരിപക്ഷത്തിന് നീതിനിഷേധിക്കപ്പെട്ടെന്ന് യാക്കോബായ സഭ പ്രതികരിച്ചു. 65 ഇടവക കുടുംബാംഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യമാണ് നിരസിക്കപ്പെട്ടതെന്ന് യാക്കോബായസഭ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *