എം. ശിവശങ്കറിന്​ ജാമ്യമില്ല

കൊച്ചി: കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്​ ജാമ്യമില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്​ ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്​. ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഇ.ഡിയുടെ വാദങ്ങള്‍ കോടതി ശരി വക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്​ച വാദം കേട്ട ശേഷമാണ്​ വിധി പറയല്‍ ഇന്നേക്ക്​ മാറ്റിയത്​. ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ഇ.ഡി വാദിച്ചു. ഒളിവില്‍ പോയാല്‍ പിടികൂടുക എളുപ്പമായിരിക്കില്ലെന്നും അതിനാല്‍ തന്നെ ജാമ്യം നല്‍കരുതെന്നുമായിരുന്നു ഇ.ഡിയുടെ വാദം. ഇ.ഡി സത്യവാങ്​മൂലം നല്‍കിയതിന്​ പിന്നാലെയാണ്​ ജാമ്യഹരജി പരിഗണിക്കുന്നത്​ വൈകീ​ട്ടേക്ക്​ മാറ്റിയിരുന്നത്​.

കഴിഞ്ഞ വ്യാഴാഴ്ച അഞ്ചുമണിക്കൂറാണ് ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം നടന്നത്. രണ്ടരമണിക്കൂറില്‍ അധികം സമയം ശിവശങ്കറിന് വേണ്ടി ഹാജരായ രാമന്‍പിള്ള വാദിച്ചിരുന്നു. കള്ളക്കടത്ത്​ കേസില്‍ ഇ.ഡി രാഷ്​ട്രീയ നേതാക്കളുടെ പേര്​ പറയാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ശിവശങ്കര്‍ പറഞ്ഞിരുന്നു. സമ്മര്‍ദ്ദത്തിന്​ വഴ​ങ്ങാത്തതിനെത്തുടര്‍ന്നാണ്​ അറസ്​റ്റെന്നാണ്​ അദ്ദേഹം കോടതിയെ അറിയിച്ചത്​.

എന്നാല്‍, വാദം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ട ശേഷം വിധിക്ക് തലേന്ന് ഇത്തരം വാദങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളാണെന്ന്​ ഇ.ഡി കോടതിയെ അറിയിച്ചു. കഴിഞ്ഞ മാസം 29നാണ്​ ഇ.ഡി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *