കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളും ശിശു സൗഹൃദമാക്കും: ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളും ശിശു സൗഹൃദമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കുട്ടികള്‍ക്ക് ഏത് സമയത്തും നിര്‍ഭയരായി പരാതി നല്‍കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് കേരളാ പോലീസ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ 15 പോലീസ് സ്‌റ്റേഷനുകളില്‍ പുതുതായി ആരംഭിച്ച ശിശു സൗഹൃദ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് സ്‌റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരുടെ കുട്ടികള്‍ക്ക് സന്തോഷകരമായി സമയം ചെലവഴിക്കാന്‍ ലക്ഷ്യമിട്ടാണ് 2006ല്‍ ശിശു സൗഹൃദ പോലീസ് സ്‌റ്റേഷന്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും പോലീസുകാരുടെ ജോലിയും മനസിലാക്കാനും അതുവഴി കുട്ടികള്‍ക്കും സമൂഹത്തിനും അവരോടുളള അകല്‍ച്ച ഇല്ലാതാക്കാനും ഇത്തരം കേന്ദ്രങ്ങള്‍ക്ക് കഴിയുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു നടപടി.

നിലവില്‍ 85 പോലീസ് സ്റ്റേഷനുകളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ നിലവിലുളളത്. മൂന്ന് മാസത്തിനുളളില്‍ 12 പോലീസ് സ്റ്റേഷനുകളില്‍ കൂടി ഈ സംവിധാനം നടപ്പിലാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *