പ്രായമോ മതമോ പരിഗണിക്കാതെ സ്ത്രീകളെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളി

ന്യൂഡല്‍ഹി: പ്രായമോ മതമോ പരിഗണിക്കാതെ സ്ത്രീകളെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളി. ഹര്‍ജിയില്‍ പറയുന്ന ആരാധനാലയങ്ങള്‍ തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണു ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി.കെ. റാവു എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ക്ഷേത്രങ്ങളിലും മുസ്‌ലിം പള്ളികളിലും പാഴ്‌സികളുടെ ആരാധനാലയങ്ങളിലും പ്രായമോ മതമോ നോക്കാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സഞ്ജീവ് കുമാറാണു കോടതിയെ സമീപിച്ചത്.

ആര്‍ത്തവ കാലത്തുള്‍പ്പെടെ മതപരിഗണനയില്ലാതെ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കുക, പൂജാരി, ഇമാം, വികാരി എന്നീ സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയമിക്കുക, ആറ്റുകാല്‍, ചക്കുളത്തുകാവ് ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ക്കും തുല്യപരിഗണന നല്‍കുക, സ്ത്രീകള്‍ക്കു മാത്രം പ്രവേശനമുള്ള ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ക്കും പ്രവേശനം നല്‍കുക, ആര്‍ത്തവ സമയത്തു വ്രതമനുഷ്ഠിക്കാനും പ്രാര്‍ഥിക്കാനും മുസ്‌ലിം സ്ത്രീകള്‍ക്ക് അനുവാദമില്ലാത്തതിനെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുക, ആര്‍ത്തവ കാലത്തു ഹിന്ദു സ്ത്രീകള്‍ക്ക് അടുക്കളയില്‍ കയറാനും പ്രാര്‍ഥിക്കാനും അനുവാദം നല്‍കുക എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *