കോതമംഗലം പള്ളിക്കേസ്: 3 മാസത്തെ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കോതമംഗലം പള്ളിക്കേസില്‍ വിധി നടപ്പാക്കാന്‍ മൂന്നു മാസം കൂടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രണ്ടു സഭകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. തല്‍ക്കാലം കോടതി ഉത്തരവ് നടപ്പാക്കേണ്ടെന്ന് ചര്‍ച്ചകളില്‍ ധാരണ ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

ബലമായി പളളി പിടിച്ചെടുക്കില്ലെന്നും കോടതി ഉത്തരവിന്റെ ബലത്തില്‍ പളളി പിടിച്ചെടുക്കില്ലെന്നും ധാരണയുണ്ട്. ചര്‍ച്ചയില്‍ തീരുമാനമാകുംവരെ നിലവിലെ അവസ്ഥ തുടരണമെന്നും പളളി പിടിച്ചെടുക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ നിലവിലെ ധാരണകള്‍ പൊളിയുമെന്നും സമാധാനാന്തരീക്ഷം തകരുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ തുടരുന്നത്.

പള്ളി ഏറ്റെടുത്താല്‍ ഗുരുതര ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസ് ഹൈക്കോടതിയെ അറിയിച്ചു. കലക്ടറും ഇതു സംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം ഉണ്ടാകുമെന്ന ആശങ്ക മൂലമാണ് പള്ളി ഏറ്റെടുക്കുന്ന നടപടികള്‍ നിര്‍ത്തി വച്ചിരിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *