ശിവശങ്കര്‍ 26 വരെ റിമാന്‍ഡില്‍; ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും

കൊച്ചി:സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെ 26-ാം തിയതി വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.എറണാകുളം ജില്ലാ ജയിലിലേയ്ക്കാണ് ശിവശങ്കറിനെ മാറ്റുക.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തത്. അതേസമയം ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ വിധി ചൊവ്വാഴ്ച പറയും. സ്വര്‍ണ്ണക്കടത്തിന് മുമ്ബും ശിവശങ്കറും സ്വപ്നയും ചേര്‍ന്ന് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഇ.ഡി കോടതിയില്‍ വാദമുയര്‍ത്തിയിരുന്നു.കുറ്റകൃത്യങ്ങളില്‍ സ്വപ്ന സുരേഷിന് ലഭിച്ച പണം ഒളിപ്പിക്കാന്‍ എം ശിവശങ്കര്‍ സഹായിച്ചെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.

വേണുഗോപാലിനോട് ലോക്കര്‍ തുറക്കാന്‍ പറഞ്ഞത് പണം കൈകാര്യം ചെയ്യുന്നതിനായാണ്. സ്വര്‍ണ്ണക്കള്ളക്കടത്തിന് മുമ്ബ് ശിവശങ്കറും സ്വപ്നയും ചേര്‍ന്ന് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. നിര്‍ണായകമായ ചില തെളിവുകള്‍ മുദ്രവെച്ച കവറില്‍ കൈമാറാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളും ശിവശങ്കറിനെതിരെ നിലനില്‍ക്കുമെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *