തെരഞ്ഞെടുപ്പ് പ്രചാരണം: പ്ലാസ്റ്റിക്കിന് സമ്പൂർണ വിലക്ക്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു പ്ലാസ്റ്റിക് സമ്പൂർണമായി ഒഴിവാക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. പരസ്യം സ്ഥാപിക്കുന്നതിനായി പ്ലാസ്റ്റിക് പേപ്പറുകൾ, പ്ലാസ്റ്റിക് നൂലുകൾ, പ്ലാസ്റ്റിക് റിബണുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്നു കളക്ടർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും പരിസ്ഥിതി സൗഹൃദവും മണ്ണിൽ അലിഞ്ഞുചേരുന്നതും പുന:ചംക്രമണം ചെയ്യാൻ കഴിയുന്നതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പ്ലാസ്റ്റിക് , പി.വി.സി. തുടങ്ങിയവകൊണ്ടുണ്ടാക്കിയ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ ഉപയോഗിക്കരുത്.
ഔദ്യോഗിക ആവശ്യങ്ങൾക്കും കോട്ടൺ തുണി, പേപ്പർ, പോളിഎത്തലീൻ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. വോട്ടെടുപ്പിനു ശേഷം പോളിങ് സ്റ്റേഷനുകളിൽ അവശേഷിക്കുന്ന വസ്തുക്കൾ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പ്രത്യേക ശ്രദ്ധവയ്കണം. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും ഇതേ നിർദേശം ബാധകമാണ്.
ഉപയോഗശൂന്യമായ ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ചു നീക്കം ചെയ്യുന്നതിന് എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പ്രത്യേക ക്യാരി ബാഗുകൾ വിതരണം ചെയ്യും. മാസ്ക്, ഗ്ലൗസ് എന്നീ മെഡിക്കൽ വേസ്റ്റുകൾ പ്രത്യേകം ശേഖരിച്ചു സംസ്കരിക്കുന്നതിനും പ്രത്യേക ക്യാരി ബാഗുകൾ നൽകുമെന്നും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഇതിന്റെ ചുമതല വഹിക്കണമെന്നും കളക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *