ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളില്‍ ചിലതു നഷ്ടപ്പെട്ടതായി സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം: ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളില്‍ ചിലതു നഷ്ടപ്പെട്ടതായി ശബരിമലയില്‍ നടത്തിയ അഷ്ടമംഗല്യ പ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നെന്ന് സ്വാമി സന്ദീപാനന്ദഗിരി.  തിരുവനന്തപുരം പ്രസ് ക്ലബ്ലിന്റെ ‘മുഖാമുഖം’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്ദീപാനന്ദഗിരി.


തിരുവാഭരണം വീണ്ടെടുക്കേണ്ടതു സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വിശിഷ്ടമായ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും ചില വിലപിടിപ്പുള്ള ആഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നില്ലെന്നുമാണ് അഷ്ടമംഗല്യ പ്രശ്‌നത്തില്‍ കണ്ടത്. മരതകവും വൈഡൂര്യവും പതിച്ച ആഭരണങ്ങളാണിവ. വാചി എന്ന സ്വര്‍ണക്കുതിര നഷ്ടമായതായി അഷ്ടമംഗല്യ പ്രശ്‌നത്തില്‍ തെളിഞ്ഞതായും സന്ദീപാനന്ദഗിരി പറഞ്ഞു.

മലയരയ സമൂഹത്തിനു ശബരിമല ക്ഷേത്രത്തിലുള്ള അവകാശത്തെപറ്റി അഷ്ടമംഗല്യ പ്രശ്‌നത്തില്‍ പറയുന്നുണ്ട്. അവ സംരക്ഷിക്കപ്പെടണം. ശരിയായ ഭക്തന്റെ വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന വിധിയാണ് സുപ്രീംകോടതിയില്‍നിന്നുണ്ടായത്. ആര്‍എസ്എസുമായി ഉള്ളത് ആശയപരമായ ഭിന്നതയാണ്. താന്‍ വ്യക്തിപരമായോ രാഷ്ട്രീയപരമായോ ആരെയും എതിര്‍ത്തിട്ടില്ല. മഹാഭാരതം എങ്ങനെ പറയണമെന്നു പറയാന്‍ ആര്‍എസ്എസ് ആരാണെന്നും സന്ദീപാനന്ദഗിരി ചോദിച്ചു.
സംഘപരിവാറിനു മുന്നില്‍ തലകുനിക്കുന്ന സന്യാസിമാരുണ്ടാകും. അല്ലാത്തവരും ഉണ്ട്. മറ്റു ചില സ്വാമികള്‍ ചെയ്യുന്നതുപോലെ തനിക്കു ചെയ്യാനാകില്ല. സംഘപരിവാറിന് അനുകൂലായി സംസാരിക്കാന്‍ പലതവണ നിര്‍ബന്ധിച്ചിട്ടുണ്ട്. ഓരോ വിഷയവും പഠിച്ചിട്ടാണു സംസാരിക്കുന്നത്. കമ്യൂണിസം സംസാരിക്കാന്‍ പാര്‍ട്ടിക്കു തന്റെ ആവശ്യമില്ല. ഒരു കമ്യൂണിസ്റ്റും അതിനു നിര്‍ബന്ധിച്ചിട്ടുമില്ല. ആരുടെ വേദിയില്‍ പോകുന്നു എന്നല്ല എന്തു സംസാരിക്കുന്നു എന്നാണു നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *