ഫ്രാൻസിൽ നിന്നുള്ള പുതിയ മൂന്ന് റാഫേൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി

ന്യൂഡൽഹി:  ഫ്രാൻസിൽ നിന്നുള്ള പുതിയ മൂന്ന് റാഫേൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി. വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ശേഷമാണ് യുദ്ധവിമാനങ്ങൾ എത്തിച്ചേർന്നത്. ഫ്രാൻസിൽ നിന്നും പുറപ്പെട്ട മൂന്ന് വിമാനങ്ങളും ഇടയ്ക്ക് എവിടെയും നിറുത്താതെ എട്ട് മണിക്കൂർ പറന്നാണ് ഇന്ത്യയിൽ ലാൻഡ് ചെയ്യ്തത്. ഫ്രാൻസിലെ ഇസ്ട്രെസിൽ നിന്നും ഇന്ന് രാവിലെ പറന്നുയർന്ന യുദ്ധവിമാനങ്ങൾ ഗുജറാത്തിലെ ജാംനഗർ എയർബേസിലാണ് എത്തിച്ചേർന്നത്. ഇന്ധനം നിറയ്ക്കുന്നതിനായി ഫ്രഞ്ച് വ്യോമസേനയുടെ മിഡ് എയർ വിമാനവും റാഫേലുകൾക്കൊപ്പമുണ്ടായിരുന്നു. ഇതോടെ എട്ട് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി കഴിഞ്ഞു.

ഇതുവരെ പത്ത് റാഫേൽ വിമാനങ്ങളാണ് ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്. ഇതിൽ അഞ്ച് റാഫേലുകൾ ചേർന്ന ആദ്യ ബാച്ച് ജൂലായ് 29നാണ് ഇന്ത്യയിലെത്തിയത്. സെപ്റ്റംബർ പത്തിന് ഇവയെ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കി. മറ്റ് അഞ്ചെണ്ണം റാഫേലിന്റെ പൈലറ്റുമാർക്ക് പരിശീലനത്തിനായി ഫ്രാൻസിലാണുള്ളത്.

മുപ്പത്തിയാറ് റാഫേൽ വിമാനങ്ങൾക്കാണ് ഇന്ത്യ ഫ്രാൻസിന് കരാർ നൽകിയത്. ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷൻ ആണ് റഫാലിന്റെ നിർമാതാക്കൾ. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷിയുള്ള റാഫേലിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. മിക്ക ആധുനിക ആയുധങ്ങളും റാഫേൽ വിമാനത്തിൽ ഘടിപ്പിക്കാനാകും. അസ്ട്ര, സുദർശൻ ബോംബുകൾ, എ.ഇ.എസ്.എ. റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങൾ റാഫേലിനുണ്ട്. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാനാകുന്ന റാഫേലിന് മണിക്കൂറിൽ 1912 കിലോമീറ്റർ പിന്നിടാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *