മോദിയുടെ വോട്ടിങ്ങ് മെഷീനേയും മോദി മീഡിയയേയും ഭയമില്ലെന്ന് രാഹുല്‍

പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.മോദിയുടെ വോട്ടിങ്ങ് മെഷീനേയും (എംവിഎം) മോദി മീഡിയയേയും തനിക്ക് ഭയമില്ലെന്ന് രാഹുല്‍ പറഞ്ഞു.

തനിക്കെതിരെ ചില മാധ്യമങ്ങള്‍ നടത്തുന്ന വേട്ടയാടലില്‍ തളര്‍ന്നുപോകില്ലെന്നും പ്രത്യയശാസ്ത്രപരമായ പോരാട്ടത്തില്‍ ഇതിനൊന്നും തന്നെ സ്പര്‍ശിക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. സത്യം എന്നും സത്യമായിരിക്കും. നീതി നീതി തന്നെയാണ്. ഞാന്‍ ഈ മനുഷ്യനെതിരെ പ്രത്യയശാസ്ത്രപരമായ യുദ്ധമാണ് നടത്തുന്നത്.

ഞങ്ങള്‍ അവരുടെ ചിന്തകള്‍ക്കെതിരെ പോരാടുന്നു, അവരുടെ ചിന്തകളെ ഞങ്ങള്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യും, ബിഹാറിലെ അരാരിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞു.

കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ബീഹാറിലെ ദുരിതബാധിതരായ ജനങ്ങളെ സഹായിക്കാതിരുന്ന മോദിയും നിതീഷും ഇപ്പോള്‍ അവരുടെ വോട്ട് തേടാനായി എത്തിയിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.വാഗ്ദാനം ചെയ്ത ജോലികളെക്കുറിച്ച്‌ ഇന്ന് യുവാക്കള്‍ പൊതുയോഗങ്ങളില്‍ നിതീഷ് കുമാറിനോട് ചോദിക്കുമ്ബോള്‍ അദ്ദേഹം അവരെ ഭീഷണിപ്പെടുത്തുകയും ഓടിക്കുകയും തല്ലിച്ചതയ്ക്കുകയുമാണെന്നും രാഹുല്‍ പറഞ്ഞു.

2019ല്‍ മോദിക്കും സംഘത്തിനും മുന്‍പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കീഴടങ്ങിയതായി രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. അന്ന് ഇ.വി.എം ക്രമക്കേടും രാഹുല്‍ ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *