മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി വേല്‍മുരുകന്‍

കല്‍പ്പറ്റ:വയനാട് പടിഞ്ഞാറെത്തറയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു. തമിഴ്നാട് തേനി സ്വദേശി വേല്‍മുരുകനാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തേനി ജില്ലയിലെ പുതുക്കോട്ടൈ സെന്ത്രു-അന്നമ്മാള്‍ ദമ്ബതികളുടെ മകനാണ്.മധുര കോടതിയിലെ അഭിഭാഷകന്‍ മരുകന്‍ സഹോദരനാണ്. സഹോദരി അയ്യമ്മാള്‍.
പടിഞ്ഞാറത്തറ മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപം കാപ്പിക്കളത്തായിരുന്നു മാവോയിസ്റ്റിനെ വെടിവച്ചു കൊന്നത്. സംഭവത്തില്‍ പൊലീസ് നിലപാടില്‍ അടിമുടി ദുരൂഹതയുണ്ടായിരുന്നു.

വെടിവയ്പ്പ് നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കോ പ്രദേശവാസികള്‍ക്കോ പൊലീസ് പ്രവേശനാനുമതി നല്‍കിയിരുന്നില്ല. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെ വച്ച്‌ പൊലീസ് തടഞ്ഞിരുന്നു. രാവിലെ എട്ടര മണിയോടെയാണ് വെടിവയപ്പ് നടന്നത് എന്ന് പ്രദേശവാസികള്‍ പറയുന്നു.
ബാണാസുര വനമേഖലയില്‍ വച്ച്‌ മാനന്തവാടി എസ്‌ഐ ബിജു ആന്റണിക്കും തണ്ടര്‍ബോള്‍ട്ട് സംഘത്തിനും നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

സംഘത്തില്‍ ആറു പേരാണ് ഉള്ളതെന്ന് ജില്ലാ പൊലീസ് മേധാവി പൂങ്കുഴലി പറഞ്ഞു. പൊലീസ് വെടിവയ്പ്പില്‍ അഞ്ചു പേര്‍ ചിതറിയോടുകയായിരുന്നു. ഇവര്‍ക്കായി വനത്തില്‍ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *