മുല്ലപ്പള്ളിയുടെ സ്ത്രീവരുദ്ധ പരാമര്‍ശം സമൂഹത്തിനാകെ അപമാനകരം: മന്ത്രി

തിരുവനന്തപുരം : കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമര്‍ശത്തിനെതിരെ മന്ത്രി കെ കെ ശൈലജ. മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം സമൂഹത്തിനാകെ അപമാനകരമാണ്. അങ്ങേയറ്റം പൈശാജികമായ ഒരു കൃത്യത്തെ എങ്ങനെയാണ് ന്യായീകരിക്കാന്‍ സാധിക്കുകയെന്ന് മന്ത്രി ചോദിച്ചു.

ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ജീവന്‍ രക്ഷിക്കാനും കുറ്റവാളിയെ ശിക്ഷിക്കാനുമാണ് നാം ആഗ്രഹിക്കുന്നത്. ബലാത്സംഗം ഉണ്ടാകുന്നത് സ്ത്രീകള്‍ ശ്രദ്ധിക്കാത്തതുകൊണ്ടല്ല. സമൂഹത്തിന്റെ ആധിപത്യ മനോഭാവമാണത്. അതിനെ എതിര്‍ക്കുന്നവരാണ് സ്ത്രീകളും ഭൂരിഭാഗം പുരുഷന്മാരും. വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടവര്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നത് സമൂഹത്തില്‍ ഭവിഷ്യത്തുണ്ടാക്കും. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചതുകൊണ്ട് മാത്രമായില്ലെന്നും മന്ത്രി പറഞ്ഞു.

ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശം. ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമായതോടെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *