തിരുവനന്തപുരത്ത് നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്നതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിആര്‍പിസി 144 പ്രകാരം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നവംബര്‍ 15 അര്‍ധരാത്രി വരെ നീട്ടിയതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഒക്ടോബര്‍ രണ്ടിന് അര്‍ധരാത്രി മുതല്‍ 31ന് അര്‍ധരാതി വരെയാണ് തുടക്കത്തില്‍ നിരോധനാജ്ഞ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വലിയ രീതിയില്‍ രോഗവ്യാപനം നടക്കുന്ന സാഹചര്യം ജില്ലയില്‍ ഒഴിവായിട്ടുണ്ടെന്നു കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ ഇതുവരെ ആകെ 57,939 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിചിട്ടുണ്ട്. ഇതില്‍ 8,547 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കോവിഡ് പ്രോട്ടോക്കോളുകള്‍ ശക്തമായി തുടര്‍ന്നാല്‍ രോഗികളുടെ എണ്ണം ഇനിയും കുറയ്ക്കാനാകും. ഇതു മുന്‍നിര്‍ത്തിയാണ് സി.ആര്‍.പി.സി. 144 പ്രകാരം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ 15 ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

ഉത്തരവു പ്രകാരം അഞ്ചു പേരില്‍ കൂടുതല്‍ സ്വമേധയാ കൂട്ടം കൂടുന്നത് നിരോധിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹം, ശവസംസ്‌കാര ചടങ്ങുകള്‍ എന്നിവയില്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. സോണുകളില്‍ പലചരക്ക്, മരുന്ന്, പാല്‍, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണവും റവന്യു, ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യ സര്‍വീസുകളും അനുവദിക്കും. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയ്ക്കൊഴികെ ആളുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും പുറത്തേക്കു പോകുന്നത് കര്‍ശനമായി നിയന്ത്രിക്കും. ഇതിനാവശ്യമായ നിയന്ത്രണ സംവിധാനങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തണം.

കണ്ടെയിന്‍മെന്റ് സോണിനു പുറത്ത് അഞ്ചുപേരില്‍ കൂടുതലുള്ള പൊതു പരിപാടികളോ കൂട്ടം ചേരലുകളോ അനുവദിക്കില്ല. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകള്‍ എന്നിവയ്ക്കുള്ള ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കും ശവസംസ്‌കാര ചടങ്ങുകള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. കണ്ടെയിന്‍മെന്റ് സോണിനു പുറത്ത് പരമാവധി 50 പേരെ പങ്കെടുപ്പിച്ച്‌ വിവാഹ ചടങ്ങുകള്‍ നടത്താം. എന്നാല്‍ പങ്കെടുക്കുന്ന എല്ലാവരും സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്ത ഇടങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ചും മാത്രമേ അനുവദിക്കൂ. പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവ സാമൂഹിക അകലം, ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോളുകള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കാം.

ഒക്ടോബര്‍ രണ്ടിനു മുന്‍പ് പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ മുന്‍നിശ്ചയിച്ചതനുസരിച്ച്‌ നടത്താം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായും പാലിക്കണം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ. എല്ലാ ബാങ്കുകളും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കണം. ബാങ്കുകള്‍, കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്‍പില്‍ ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുത്. കഴിയുന്നതും വീടുകളില്‍ത്തന്നെ കഴിയണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *