മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങള്‍: സെക്രട്ടേറിയറ്റില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തി

തിരുവനന്തപുരം: ഔദ്യോഗിക വസതിക്കുമുന്നിലെ സുരക്ഷാവീഴ്ചയുടെ കാരണം നേരില്‍ക്കണ്ട് വിശദീകരിക്കാനെത്തിയ തിരുവനന്തപുരം കമ്മീഷണര്‍ക്ക് മുഖ്യമന്ത്രി സന്ദര്‍ശനം അനുവദിച്ചില്ല.

സമരക്കാര്‍ എത്തുന്നുവെന്ന വിവരം അറിയിച്ചിട്ടും ജാഗ്രത പാലിക്കാത്തതിന് പൊലീസുകാര്‍ക്കെതിരെ  കമ്മീഷണര്‍  നടപടിയെടുത്തു. മ്യൂസിയം സിഐയെയും എസ്‌ഐയെയും സ്ഥലം മാറ്റി. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷനും നല്‍കി.

സ്വര്‍ണക്കടത്ത്, അഴിമതിക്കേസുകളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌
സമരം തുടരുന്ന സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിലെയും ക്ലിഫ് ഹൗസിലെയും ഗേറ്റുകളെല്ലാം അടച്ചു. സുരക്ഷ ക്രമീകരണങ്ങളും ശക്തിപ്പെടുത്തി. സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലുമായി 250ലധികം പൊലീസുകാരെ വിന്യസിച്ചു. സെക്രട്ടേറിയറ്റിലെ ഓരോ ഗേറ്റിലും വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരുന്ന കന്റോണ്‍മെന്റ് ഗേറ്റും അടച്ചു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സമരം തുടരുന്നത്. വെള്ളിയാഴ്ച രാത്രിയോടെ സമരക്കാര്‍ മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലെത്തി കുത്തിയിരുന്നു. ക്ലിഫ് ഹൗസില്‍നിന്ന് അര കിലോമീറ്റര്‍ അകലെ ബാരിക്കേഡ് ഉള്‍പ്പെടെ സജ്ജമാക്കി കാത്തിരുന്ന പൊലീസ് സമരക്കാര്‍ കടന്നുപോയത് അറിഞ്ഞിരുന്നില്ല. ഇതിലാണ് മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *