“സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ ഒരു കണ്ണിയാണയാള്‍”: കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്സ്മെന്റ് യെ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എം.പി. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ അറസ്റ്റിലായിരിക്കുന്നത് മയക്കുമരുന്ന് കേസിലാണെന്ന് കൊടിക്കുന്നില്‍ സുരേഷ്. നമ്മുടെ നാട്ടിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ ഒരു കണ്ണിയാണ് ബിനീഷ് കോടിയേരി എന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

‘കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ അറസ്റ്റിലായിരിക്കുന്നത് മയക്കുമരുന്ന് കേസിലാണ്. നമ്മുടെ നാട്ടിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അടക്കം മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ ഒരു കണ്ണിയാണയാള്‍. സഖാക്കളെ, ഇനിയും നിങ്ങള്‍ക്ക് സിപിഎംനെ ന്യായീകരിച്ച്‌ “നമ്മളല്ലാതെ മറ്റാര് സഖാക്കളെ” എന്ന് ചോദിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ട്. ആവശ്യമായ ചികിത്സ തേടുക.’ – കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ബിനീഷ് കോടിയേരിയെ ഇന്ന് ഉച്ചയോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

നാലു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു. അതിനു ശേഷം ബിനീഷിനെ ഇഡി ഓഫീസില്‍ നിന്ന് പുറത്തേക്ക് കൊണ്ടു വന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഇന്ന് രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യലിന് ഇഡി സോണല്‍ ഓഫീസില്‍ ബിനീഷ് എത്തിയത്.

ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്ന സാമ്ബത്തിക ഇടപാടുകള്‍ ഇ ഡി അന്വേഷിച്ചു വരികയാണ്. ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്ബത്തിക ഇടപാടുകളുടെ സ്രോതസാണ് പ്രധാനമായും കണ്ടെത്താനുള്ളത്. നേരത്തേ ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെ ബിനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി കസ്റ്റഡിയില്‍ വാങ്ങുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

അഞ്ചുദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് അനൂപ് മുഹമ്മദിനെ സോണല്‍ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. എന്നാല്‍, ഇരുവരുടെയും മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ഇഡി വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്. നേരത്തെ അനൂപ് മുഹമ്മദിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ബിനീഷിനെ ഇഡി വിളിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല.

അനൂപ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് അദ്ദേഹത്തിന് പണം നല്‍കി സഹായിച്ചിട്ടുണ്ട്. അതേസമയം, ഇരുപതോളം അക്കൗണ്ടുകളില്‍ നിന്നായി 50 ലക്ഷം രൂപ അനൂപിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്നതില്‍ വ്യക്തത നല്‍കാന്‍ അനൂപിന് കഴിഞ്ഞിട്ടില്ല.

80 ദിവസത്തിനിടെ 78 തവണ മുഹമ്മദ് അനൂപിനെ ബിനീഷ് കോടിയേരി വിളിച്ചതിന്റെ രേഖകള്‍ നേരത്തെ പുറത്തു വന്നിരുന്നു. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്കാണ് ഇരുവരും തമ്മില്‍ 78 തവണ ഫോണില്‍ വിളിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *