നെഞ്ചിടിപ്പ് വര്‍ധിക്കുന്നത് മുഖ്യമന്ത്രിയുടേത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസുമായി ഏറ്റവും അധികം ബന്ധം ഇടതുനേതാക്കൾക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആരോപണ വിധേയനായ മന്ത്രി കെ ടി ജലീല്‍, മകന് ജോലി തേടാന്‍ പോയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുഖ്യകണ്ണിയായി മാറിയെന്ന് മൊഴി പുറത്തുവന്നിട്ടുള്ള കാരാട്ട് റസാഖ്, ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കാണ് ഏറ്റവും കൂടുതല്‍ ബന്ധമുള്ളത് എന്നല്ലേയെന്നും ചെന്നിത്തല ആരാഞ്ഞു. ഇപ്പോള്‍ നെഞ്ചിടിപ്പ് വര്‍ധിക്കുന്നതും മുട്ടു കൂട്ടിയിടിക്കുന്നതും മുഖ്യമന്ത്രിയുടേതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാരിന് കീഴില്‍ ഇന്ന് നടക്കുന്നത് സ്വര്‍ണക്കള്ളക്കടത്തും ഡോളര്‍ കടത്തും നാടുകടത്തലുമാണ്. ഇത്തരം കടത്തുകളൊക്കെ നടത്തുന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മന്ത്രി, സ്വപ്‌ന സുരേഷ് എന്നിവരാണ്. എന്നിട്ടാണ് മുഖ്യമന്ത്രി പതിവ് പത്രസമ്മേളനത്തില്‍ ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്നത്. ആരെ കബളിപ്പിക്കാനാണ് ഈ ഗിരിപ്രസംഗമെന്നാണ് മുഖ്യമന്ത്രിയോട് തനിക്ക് ചോദിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലൂടെയാണ് പോകുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് മുഖവിലയ്ക്ക് എടുത്താൽ ഈ അന്വേഷണ ഏജന്‍സികള്‍ പുറത്തുവിടുന്ന മൊഴികള്‍ എല്ലാം വിശ്വസീയമാണെന്ന് കാണേണ്ടിയിരിക്കുന്നു. ഹവാല ഇടപാടുകള്‍ക്കും സ്വര്‍ണക്കടത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ നഗ്നമായി ദുരുപയോഗപ്പെത്തിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഓഫീസില്‍ ആരുമില്ലാത്ത സമയത്ത് ഫോണ്‍ ചെയ്യണമെന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായുള്ള ശിവശങ്കറിന്റെ വാട്ട്‌സാപ്പ് സന്ദേശം ഹവാല ഇടപാടുകള്‍ക്കും സ്വര്‍ണക്കടത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗപ്പെടുത്തുന്നു എന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ എങ്ങനെ എത്തിനില്‍ക്കുന്നു എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് വാട്ട്‌സാപ്പ് സന്ദേശങ്ങളിലൂടെ വ്യക്തമാകുന്നത്. തെളിവുകള്‍ പുറത്തുവരുമ്പോള്‍ വസ്തുതകള്‍ മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതുപോലെ നാറിയ ഇടപാടുകള്‍ നടത്തിയ മറ്റൊരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ്‌ സത്യം. സ്വര്‍ണക്കടത്തുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി മാത്രമല്ല, സിപിഎമ്മിന്റെ ഉന്നത നേതാക്കന്മാരുമായും അടുത്ത ബന്ധമുണ്ടെന്നാണ് വസ്തുതകള്‍ തെളിയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *