ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കാഷ്മീരിന്റെ പഴയ പതാക തിരികെ കൊണ്ടുവരണമെന്ന മെഹ്ബൂബയുടെ നിലപാട് ദേശീയപതാകയെ ആക്ഷേപിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ ഭരണഘടനാപരമായ നടപടി ക്രമങ്ങളിലൂടെയാണ് കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് . ഇത് പാര്‍ലമെന്റിന്റെ ഇരുസഭകളും ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയും ചെയ്തു. ചെറിയ പ്രശ്നങ്ങള്‍ക്കു പോലും ബിജെപിയെ വിമര്‍ശിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയപതാകയോട് അനാദരവ് കാണിച്ച മെഹ്ബൂബയ്ക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.