നസീമിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിയ കേസിലെ പ്രതിയും കോളേജിലെ എസ് എഫ് ഐ മുന്‍ യൂണിറ്റ് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവും ആയിരുന്ന നസീമിനെതിരെ രജിസ്റ്റര്‍ ചെയ്ത പൊതുമുതല്‍ നശീകരണ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. പൊലീസ് ജീപ്പ് തകര്‍ത്തത് സംബന്ധിച്ച്‌ നസീമിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ കോടതിയിലെത്തിയത്. പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്ന കേസിലും പ്രതിയാണ് നസീം.

തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപം ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിനെ കയ്യേറ്റം ചെയ്യുകയും പൊലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്യുകയായിരുന്നു.

അഭിഭാഷകയുടെ വീഴ്ച മൂലമാണ് കേസ് പിന്‍വലിക്കാന്‍ കോടതി അനുവദിക്കാത്തതെന്ന കേസിലെ ഒരു പ്രതിയുടെ പരാതിയെത്തുടര്‍ന്ന് നേരത്തെ അഭിഭാഷകയെ സര്‍ക്കാര്‍ മാറ്റിയിരുന്നു. പകരം പാര്‍ട്ടി ഉന്നത നേതാവിന്റെ മകനെയാണ് സര്‍ക്കാര്‍ കേസ് നടത്താന്‍ ചുമതലപ്പെടുത്തിയത്. നേരത്തെ നിയമസഭയിലെ അതിക്രമത്തിന്റെ പേരില്‍ എം.എല്‍.എമാര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച കോടതി പ്രതികള്‍ 35,000 രൂപ വീതം കെട്ടിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *