പാലത്തായി കേസില്‍ ഉടന്‍ പുതിയ അന്വേഷണ സംഘം വേണമെന്ന് കോടതി

കൊച്ചി: പാലത്തായി പീഡന കേസ് അന്വേഷണത്തിന് ഐ.ജി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പുതിയ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥരെ പുതിയ സംഘത്തില്‍ ഉള്‍പ്പെടുത്തരുത്.

രണ്ടാഴ്ചക്കകം പുതിയ സംഘം രൂപീകരിക്കണമെന്നും ഡി.ജി.പിയോട് കോടതി നിര്‍ദേശിച്ചു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവിന്‍റെ ഹരജിയിലാണ് ഉത്തരവ്.

പുതിയ അന്വേഷണ സംഘം എന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല. പാലത്തായി കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാന്‍ തയാറാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.

കണ്ണൂര്‍ പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതി പത്മരാജന്‍ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. അന്വേഷണസംഘം പ്രതിക്ക് അനുകൂലമായി ഒത്തുകളിക്കുകയാണെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റും സംഘ്പരിവാര്‍ അനുകൂല അധ്യാപക സംഘടനയായ എന്‍.ടി.യു ജില്ല നേതാവും കൂടിയാണ് പ്രതി പത്മരാജന്‍. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഒടുവിലാണ് കഴിഞ്ഞ ഏപ്രില്‍ 15ന് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയെ പലതവണ ചോദ്യം ചെയ്ത അന്വേഷണ സംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണത്തുടര്‍ന്ന് അന്വേഷണ സംഘത്തെ മാറ്റുകയും കേസ് കഴിഞ്ഞ ഏപ്രില്‍ 24ന് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു.

പ്രതി അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകാനായിട്ടും കുറ്റപത്രം നല്‍കാത്തതില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ ജനകീയ സമരങ്ങള്‍ നടന്നു. തുടര്‍ന്ന് 90 ദിവസം പൂര്‍ത്തിയാകുന്നതിന് മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ ജൂലൈ 14ന് ക്രൈം ബ്രാഞ്ച് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ പോക്‌സോ ഒഴിവാക്കി ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകളാണ് ചുമത്തിയിരുന്നത്.

ജാമ്യം ലഭിക്കാവുന്ന തരത്തില്‍ വളരെ ദുര്‍ബലമായ വകുപ്പുകളാണ് ക്രൈം ബ്രാഞ്ച് ചുമത്തിയതെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു. ശാസ്ത്രീയ തെളിവുകള്‍ ഇല്ലാത്തതിനാലാണ് പോക്‌സോ വകുപ്പുകള്‍ ചുമത്താതിരുന്നതെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. ജൂലൈ 16ന് പ്രതിയായ പദ്മരാജന്‍ നല്‍കിയ ഹര്‍ജിയില്‍ തലശ്ശേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *