വാളയാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന് സര്‍ക്കാര്‍

കൊച്ചി: വാളയാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ പുനർവിചാരണ വേണം, വേണ്ടിവന്നാൽ പുനർ അന്വേഷണത്തിനും തയ്യാറാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് നേരത്തെ പരിഗണിക്കണമെന്ന സര്‍ക്കാരിന്‍റെ വാദം അംഗീകരിച്ച കോടതി നവംബർ 9 ന് വാദം കേൾക്കുമെന്നും വ്യക്തമാക്കി. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച അപ്പീലും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.

വാളയാറില്‍ 13 ഉം 9 ഉം വയസുള്ള പെണ്‍കുട്ടികള്‍ മരിച്ച കേസിലെ പ്രതികളെ പാലക്കാട് സെഷന്‍സ് കോടതി (പോക്‌സോ കോടതി) വെറുതെ വിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോക്‌സോ കോടതി നാല് പ്രതികളെ വെറുതെ വിട്ടത്. ഈ കോടതി വിധി റദ്ദാക്കി കൂടുതല്‍ അന്വേഷണം നടത്തി പുനര്‍ വിചാരണയ്ക്ക് അനുമതി നല്‍കണമെന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആണ് നാല് പ്രതികളെയും വെറുതെ വിട്ട് വിചാരണക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നവംബറിലായിരുന്നു സര്‍ക്കാര്‍ ആദ്യം അപ്പീല്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *