കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; 641 പേര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 641 പേര്‍ക്കെതിരെ ഇന്ന് നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മൂന്നു കടകള്‍ താത്കാലികമായി അടപ്പിച്ചു. 20 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സെക്ഷന്‍ 144 പ്രകാരം ഒരാള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 133 പേരില്‍ നിന്നും പിഴ ഈടാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഒക്ടോബര്‍ നാലു മുതലാണ് ജില്ലാ കളക്ടര്‍ നിയോഗിച്ച 92 സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളടക്കമുള്ള പൊതുസ്ഥലങ്ങളില്‍ പരിശോധന ആരംഭിച്ചത്. ഇന്നുവരെയുള്ള കണക്കനുസരിച്ച്‌ ആകെ 2,483 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇതില്‍ സെക്ഷന്‍ 144 ലംഘിച്ച 43 പേരും കൃത്യമായി മാസ്‌ക് ധരിക്കാത്ത 574 പേരുമുണ്ട്. സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാത്ത 875 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

കടകള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, ഓട്ടോ സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലാണ് തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *