കേരളത്തിലെ ആരോഗ്യമേഖല തകര്‍ന്നെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല തകര്‍ന്നടിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തിന്റെ അലംഭാവം വിനയായെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന് മുഖമടച്ചേറ്റ പ്രഹരമാണ്. കൊവിഡ് പ്രതിരോധത്തിന് കേന്ദ്രസഹായം തേടണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ടെസ്റ്റുകളുടെ എണ്ണത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഏറെ പിറകിലായതാണ് കേരളത്തില്‍ സ്ഥിതി ഇത്രയും ഭയാനകമാക്കിയത്. പി.ആര്‍ ഏജന്‍സിയെ ഉപയോഗിച്ച്‌ വ്യാജപ്രചാരണം നടത്തുന്നതിനിടെ മുന്നൊരുക്കം നടത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് വേണ്ട ഫണ്ട് സര്‍ക്കാര്‍അനുവദിക്കുന്നില്ല. വികസനപ്രവര്‍ത്തനത്തിന് ഉപയോഗിക്കേണ്ട പണം ഉപയോഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതെന്നും കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പൊസിറ്റീവായ രോഗികള്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് രോഗവിവരം അറിയുന്നത്. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് പോലും ആംബുലന്‍സ് സൗകര്യം ലഭിക്കുന്നില്ല. ഐസൊലേഷനില്‍ കഴിയുന്നവരോട് ഫോണില്‍ പോലും രോഗവിവരം തിരക്കാന്‍ ആരോഗ്യപ്രവര്‍ത്തകരില്ല. ലോക്ക്ഡൗണ്‍ സമയത്ത് മറ്റുസംസ്ഥാനങ്ങള്‍ കൊവിഡ് കെയര്‍സെന്ററുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയപ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടെ വായ്ത്താരി പാടുകയായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *