ശ്രദ്ധിച്ചാല്‍ കോവിഡ് ഫെബ്രുവരിയോടെ നിയന്ത്രണ വിധേയമാകുമെന്ന് വിദഗ്ധ സമിതി

ന്യൂഡല്‍ഹി: രാജ്യം കോവിഡ് വ്യാപനത്തിന്റെ അതിതീവ്രഘട്ടം പിന്നിട്ടെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി. മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്നും വിദഗ്ധ സമിതി വ്യക്തമാക്കി.

മാസ്ക്, സാമൂഹ്യഅകലം, സോപ്പിന്‍റെ ഉപയോഗം എന്നിവയില്‍ വീഴ്ച അരുതെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റെ വിദഗ്ധ സമിതി ഓര്‍മിപ്പിക്കുന്നു. നിലവില്‍ രാജ്യത്തെ 30 ശതമാനം ആളുകളില്‍ ആന്‍രിബോഡി ഉണ്ടെന്നത് ശുഭകരമായ വാര്‍ത്തയാണെന്ന് ഹൈദ്രാബാദ് ഐഐടിയിലെ പ്രൊഫസര്‍ വിദ്യാസാഗര്‍ പറഞ്ഞു. രാജ്യത്ത് നേരത്തെ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയത് രോഗവ്യാപനം ഒരു പരിധി വരെ തടയാന്‍ സഹായിച്ചെന്നും സമിതി വിലയിരുത്തി.

ശ്രദ്ധിച്ചില്ലെങ്കില്‍ ശൈത്യകാലവും വരാനിരിക്കുന്ന ആഘോഷങ്ങളും കോവിഡ് വ്യാപനം കുത്തനെ ഉയര്‍ത്തിയേക്കാമെന്നും സമിതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സുരക്ഷാ മുന്‍കരുതലുകളില്‍ ഒരു കാരണവശാലും വീഴ്ച വരുത്തരുത്. നിലവില്‍ 75 ലക്ഷമാണ് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം. 1.14 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

ആള്‍ക്കൂട്ടങ്ങള്‍ കോവിഡ് വ്യാപനം കൂട്ടുന്നുവെന്ന് കേരളത്തിലെ ഓണക്കാലം ചൂണ്ടിക്കാട്ടി വിദഗ്ധ സമിതി പറഞ്ഞു. സെപ്തംബറിലാണ് കേരളത്തില്‍ രോഗവ്യാപനം കൂടിയത്. 32 ശതമാനമാണ് രോഗവ്യാപനം ഇക്കാലത്ത് വര്‍ധിച്ചത്. കേരളത്തിലെ ആരോഗ്യ-പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി 22 ശതമാനത്തോളം കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ കേരളത്തെ വിമർശിച്ചു. തുടക്കത്തില്‍ കോവിഡ് വ്യാപനത്തെ കേരളം പിടിച്ചുനിര്‍ത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം രോഗ വ്യാപനം വർധിച്ചു. വരുത്തിയ വന്‍വീഴ്ചകള്‍ക്ക് കേരളം വില നല്‍കുന്നു എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിമർശനം.

രാജ്യത്തെ പുതിയ കോവിഡ് കേസുകളില്‍ വലിയ ശതമാനം കേരളത്തില്‍ നിന്നാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിമർശനം. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 61871 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതർ 74,94551 ആയി. 24 മണിക്കൂറിനിടെ 1033 മരണം റിപ്പോട്ട് ചെയ്തു. ആകെ മരണം 114031 എത്തി. രാജ്യത്ത് ചികിത്സയില്‍ ഉളളവരുടെ എണ്ണം 8 ലക്ഷത്തിന് താഴെക്കെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *