വി.കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി

സന്നിധാനം: വി.കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ സ്വദേശിയാണ് വി.കെ ജയരാജ് പോറ്റി. ഏഴാമത്തെ നറുക്കിലാണ് അദ്ദേഹം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്.

പന്തളം കൊട്ടാരത്തിലെ ഇളയ തലമുറയില്‍പ്പെട്ട കൌഷിക്ക് വര്‍മ്മ എന്ന കുട്ടിയാണ് നറുക്കെടുപ്പിലൂടെ പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്.

മാളികപ്പുറം മേല്‍ശാന്തിയായി രജികുമാര്‍ എം.എന്‍ തെരഞ്ഞെടുക്കപ്പെട്ടു. അങ്കമാലി സ്വദേശിയാണ് രജികുമാര്‍.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് നിര്‍മാല്യവും അഭിഷേകവും കഴിഞ്ഞതോടെ അഞ്ചു ദിവസം നീളുന്ന തുലാമാസ പൂജകള്‍ക്കാണ് തുടക്കമായത്. 5.30ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മണ്ഡപത്തില്‍ മഹാഗണപതി ഹോമം നടന്നു. 5.45 മുതല്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി ദര്‍ശനത്തിന് എത്തി തുടങ്ങി.

തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരായിരുന്നു ആദ്യ ദിനം ദര്‍ശനത്തിനായി മല ചവിട്ടിയത്. 7.30 ന് ഉഷപൂജ. പൂജ കഴിഞ്ഞ് എട്ടു മണിക്ക് തന്നെ ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടപടികള്‍ ആരംഭിച്ചു

ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ് നറുക്കെടുപ്പ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ആദ്യം ശബരിമല മേല്‍ശാന്തി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒമ്ബത് ശാന്തിമാരുടെയും പേരുവിവരങ്ങള്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ ഉറക്കെ വായിച്ചു.
അതിനു ശേഷം ശബരിമല മേല്‍ശാന്തി യോഗ്യതാ പട്ടികയില്‍ ഇടം നേടിയ ഒമ്ബതു പേരുടെ പേരുകള്‍ എഴുതിയ തുണ്ട് കടലാസുകള്‍, പേരുകള്‍ വീണ്ടും വായിച്ച ശേഷം നറുക്കെടുപ്പിന് സാക്ഷിയായവരെ സ്‌പെഷ്യല്‍ കമ്മീഷണര്‍ അത് ഉയര്‍ത്തി കാട്ടി. തുടര്‍ന്ന് അവ ഓരോന്നായി ചുരുളുകളാക്കി ഒന്നാമത്തെ വെള്ളി പാത്രത്തില്‍ നിക്ഷേപിച്ചു. രണ്ടാമത്തെ വെള്ളി പാത്രത്തില്‍ മേല്‍ശാന്തി എന്ന് എഴുതിയ ഒരു തുണ്ടും, എട്ട് ഒന്നും എഴുതാത്ത തുണ്ടും നിക്ഷേപിക്കുകയായിരുന്നു.

പിന്നീട് ഇരു പാത്രങ്ങളും അയ്യപ്പന്റെ പാദാരവിന്ധങ്ങളില്‍ വച്ച്‌ പൂജിക്കുന്നതിനായി തന്ത്രി കണ്ഠരര് മഹേഷ് മോഹനര്‍ക്ക് കൈമാറി. പൂജയ്ക്ക് ശേഷം തട്ടം പുറത്തേക്ക് നല്‍കി. തുടര്‍ന്നാണ് നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നെത്തിയ കൗശിക് വര്‍മ ആണ് ശബരിമല മേല്‍ശാന്തിയുടെ നറുക്ക് എടുത്തത്. ഏഴാമത്തെ നറുക്കിലൂടെ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി വരിക്കാട്ട് മഠത്തില്‍ വികെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം നേരത്തെ മാളികപ്പുറം മേല്‍ശാന്തി ആയി ജോലി നോക്കിയിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍ വാസു, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എന്‍ വിജയകുമാര്‍, അഡ്വ.കെ എസ് രവി, ദേവസ്വം കമ്മീഷണര്‍ ബി എസ് തിരുമേനി, ഹൈക്കോടതി നിയോഗിച്ച നറുക്കെടുപ്പ് നിരീക്ഷകന്‍ റിട്ട. ജസ്റ്റിസ് പത്മനാഭന്‍ നായര്‍ തുടങ്ങിയവര്‍ നറുക്കെടുപ്പിന് സാക്ഷികളായി. ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിന് പിന്നാലെ തന്നെ മാളികപ്പുറം ക്ഷേത്രത്തിനു മുന്നിലായി, ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് രീതിയില്‍ മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും നടന്നു.

എറണാകുളം അങ്കമാലി സ്വദേശി മൈലക്കോടത്ത് മനയില്‍ എം എന്‍ രജികുമാര്‍ ആണ് മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. 5-ാമത്തെ നറുക്കാണ് രജികുമാറിന് ലഭിച്ചത്. പന്തളം കൊട്ടാരത്തില്‍ നിന്നെത്തിയ ഋഷികേശ് വര്‍മയാണ് ഇവിടെ നറുക്കെടുത്തത്. നവംബര്‍ 15ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം മുതല്‍ ഒരു വര്‍ഷമാണ് പുതിയ മേല്‍ശാന്തിമാരുടെ കാലാവധി. പുറപ്പെടാ ശാന്തിമാരായ ഇരുവരും നവംബര്‍ 15 ന് ശബരിമലയില്‍ ഇരുമുടി കെട്ടുമായെത്തി ചുമതല ഏറ്റെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *