മഹാകവി അക്കിത്തം അന്തരിച്ചു

തൃശൂര്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു.

ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1926 മാര്‍ച്ച് 18 പാലക്കാട് ജില്ലയിലെ കുമാരനല്ലൂരിലാണ് അദ്ദേഹം ജനിച്ചത്.

2019 നവംബറിൽ രാജ്യം അക്കിത്തത്തിന് ജ്ഞാനപീഠപുരസ്കാരം നൽകി ആദരിച്ചിരുന്നു. കവിത ചെറുകഥ നാടകം വിവര്‍ത്തനം ലേഖനസമാഹാരം ഉള്‍പ്പെടെ നിരവധി കൃതികള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.

കവിതകളും ചെറുകഥകളും നാടകങ്ങളും അടക്കം 46 ഓളം കൃതികള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് , കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ക്ക് അര്‍ഹനായി.

‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം, എന്റെയല്ലെന്റെയല്ലിക്കൊമ്ബനാനകള്‍ എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ, വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം’ തുടങ്ങി അക്കിത്തത്തിന്റെ ഒട്ടേറെ വരികള്‍ എല്ലാ തലമുറയിലെയും മലയാളികള്‍ക്ക് സുപരിചിതമാണ്.

മലയാളികളെ ഏറെ പ്രകോപിപ്പിക്കുകയും ആത്മപരിശോധനയ്ക്ക് പ്രചോദിപ്പിക്കുകയും ചെയ്ത ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതി രചിക്കപ്പെട്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഇന്നും അത് മലയാളികള്‍ ചര്‍ച്ച ചെയ്യുന്നു. ചെയ്ത തെറ്റുകളെച്ചൊല്ലി പശ്ചാത്തപിക്കുന്ന മനുഷ്യനെ നിരന്തരം വരച്ചിട്ട കവിയുടെ സാന്നിധ്യം എന്നും മലയാളികള്‍ക്ക് ആശ്വാസമാണ്. സങ്കടങ്ങളെ സ്നേഹത്തിന്റെ പെരുമഴ കൊണ്ട് അണക്കുന്ന ആ കവിതകളും.

1946- മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്ബൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975-ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. 1985-ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

അദ്ദേഹത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കൃതിയില്‍ നിന്നാണ് ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന വരികള്‍. 1948-49കളില്‍ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവര്‍ത്തിത്വമായിരുന്നു ഈ കവിത എഴുതാന്‍ പ്രചോദനം. ഇ.എം.എസ്. നമ്ബൂതിരിപ്പാട് അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു. കേരളത്തിന്റെ പ്രിയപ്പെട്ട കവിയെ പ്രേക്ഷകര്‍ ശ്രദ്ധിക്കന്‍ തുടങ്ങിയത് 1950 മുതല്‍ ആണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന തന്റെ കവിതയ്ക്ക് 1952 ലെ സഞ്ജയന്‍ അവാര്‍ഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതല്‍കൂട്ടായി.

Leave a Reply

Your email address will not be published. Required fields are marked *