ഗുണ്ടാ കേന്ദ്രങ്ങളിൽ റെയ്ഡ് ; രണ്ട് പേര്‍ അറസ്റ്റിലായി

തൃശൂര്‍:  ജില്ലയിലെ തുടർച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഗുണ്ടാ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്. ഓപ്പറേഷൻ റേയ്ഞ്ചര്‍ എന്ന പേരിലാണ് പരിശോധന. തൃശൂരിന് പുറമെ പാലക്കാട്‌, മലപ്പുറം ജില്ലകളിലും പരിശോധന നടന്നു. രണ്ട് പേര്‍ അറസ്റ്റിലായി. ആയുധങ്ങളും പിടിച്ചെടുത്തു

തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ എട്ട് കൊലപതാകങ്ങളാണ് നടന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക പരിശോധനയുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍, ഒളിത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. തൃശ്ശൂരിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ വാളുകള്‍, കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി. കുന്നംകുളത്ത് നിന്നും കഞ്ചാവും വീട്ടില്‍ വളര്‍ത്തിയിരുന്ന മരപ്പട്ടിയെയും പിടികൂടി.

പാലക്കാട് ജില്ലയിൽ 32 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പ്രധാനമായും ഒറ്റപ്പാലം കേന്ദ്രീകരിച്ചാണ് വ്യാപക റെയ്ഡ് നടന്നത്. മലപ്പുറം ജില്ലയിലും പരിശോധന നടന്നു. പെരുമ്പടപ്പ്, തിരൂർ എന്നിവിടങ്ങളിൽ കൊലപാതക ശ്രമങ്ങളിൽ ഉൾപ്പെട്ട രണ്ട് പ്രതികളെയും കാടാമ്പുഴയിൽ അബ്കാരി കേസിലെ ഒരു പ്രതിയെയും അറസ്റ്റ് ചെയ്തു. കൂട്ടായിയിലെ മറ്റൊരു പ്രതിയുടെ വീട്ടിൽ നിന്ന് മൂന്ന് വാളുകളും കണ്ടെടുത്തു. നിലമ്പൂരിലെ ഒരു വീട്ടിൽ നിന്ന് ഒരു ഇരട്ടക്കുഴൽ തോക്കും കണ്ടെടുത്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *