മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയതോടെയാണ് ഈ നീക്കം. മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ അന്വേഷണവുമായി സഹകരിക്കാമെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു.

ഇന്ന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലൂം അദ്ദേഹം ഹാജരായിട്ടില്ല.

സ്വര്‍ണ്ണക്കടത്തില്‍ രണ്ടാം പ്രതി സ്വപ്‌ന സുരേഷുമായി ശിവശങ്കറിന്റെ ബന്ധം വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം കോടതിയില്‍ ഭാഗിക കുറ്റപത്രം നല്‍കിയിരുന്നു. കേസില്‍ പ്രതിചേര്‍ക്കാതിരുന്നിട്ടു കൂടി അതിശക്തമായ പരാമര്‍ശങ്ങളാണ് ഇ.ഡി കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. സ്വപ്‌നയുടെ കള്ളപ്പണ ഇടപാടുകളില്‍ ശിവശങ്കറിന് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കുറ്റപത്രം.

കഴിഞ്ഞ ദിവസങ്ങളില്‍ ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *