ലോക്സഭ സീറ്റ് അടക്കം ജോസ് കെ. മാണി വിഭാഗം രാജിവെക്കണം:എം.എം. ഹസന്‍.

തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് ലഭിച്ച രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചത് കൊണ്ട് മാത്രം ധാര്‍മിക നിലപാട് സ്വീകരിച്ചെന്ന് ജോസ് കെ. മാണിക്ക് അവകാശപ്പെടാനാവില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍.

യു.ഡി.എഫില്‍ നിന്ന് ലഭിച്ച രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചത് കൊണ്ട് മാത്രം ധാര്‍മിക നിലപാട് സ്വീകരിച്ചെന്ന് ജോസ് കെ. മാണിക്ക് അവകാശപ്പെടാനാവില്ല. യു.ഡി.എഫ് വഴി ലഭിച്ച കോട്ടയം ലോക്സഭ സീറ്റ് അടക്കം എല്ലാ അധികാര സ്ഥാനങ്ങളും ജോസ് കെ. മാണി വിഭാഗം രാജിവെക്കണം. അത്തരത്തില്‍ നിലപാട് സ്വീകരിച്ചാല്‍ ധാര്‍മികത പുലര്‍ത്തിയെന്ന് പറയാമെന്നും എം.എം ഹസന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനുള്ളിലെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കെ.എം മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത്. യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയെന്ന ജോസിന്‍റെ ആരോപണം തെറ്റിദ്ധാരണ പരത്താനാണ്. ജോസ് കെ. മാണിയുടെ പുതിയ തീരുമാനം വഞ്ചനയാണ്. യു.ഡി.എഫിനെ വഞ്ചിച്ചാണ് എല്‍.ഡി.എഫിലേക്ക് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാലാ നിയമസഭാ സീറ്റ് ജോസ് കെ. മാണി വിഭാഗത്തിന് കൊടുത്താല്‍ ഇടതു മുന്നണി വിടുമെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ പറഞ്ഞതായി യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍. ഇക്കാര്യം അറിയിക്കാന്‍ മാണി സി. കാപ്പന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇടതു മുന്നണി മുങ്ങുന്ന കപ്പലാണ്. ജോസ് കെ. മാണി ഇടതുപക്ഷത്ത് എത്തിയത് കൊണ്ട് നേട്ടമുണ്ടാകില്ല. എല്‍.ഡി.എഫില്‍ നിന്ന് കൊഴിഞ്ഞു പോക്കുണ്ടാകുമെന്നും ഹസന്‍ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *