‘ഓപറേഷന്‍ റേഞ്ചറു’മായി തൃശൂര്‍ സിറ്റി പൊലീസ്​

തൃശൂര്‍: സമൂഹ വിരുദ്ധരേയും ഗുണ്ടാസംഘങ്ങളെയും കര്‍ശനമായി നേരിടാന്‍ ‘ഓപ്പറേഷന്‍ റേഞ്ചര്‍’ നടപടികളുമായി തൃശൂര്‍ സിറ്റി പൊലീസ്. ഇതി​െന്‍റ ഭാഗമായി തൃശൂര്‍ സിറ്റി പൊലീസിനു കീഴില്‍ വരുന്ന 20 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കഴിഞ്ഞ ദിവസം വ്യാപക റെയ്​ഡ്​ നടത്തി. 335 ഒളിത്താവളങ്ങള്‍ റെയ്​ഡ്​ ചെയ്​ത്​ 592 കുറ്റവാളികളെ പരിശോധനക്ക് വിധേയരാക്കി. ക്രിമിനല്‍ ചട്ടം107,108 വകുപ്പുകള്‍ പ്രകാരം 105 പേര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്​തു. രണ്ട്​ പേര്‍ക്കെതിരെ ‘കാപ്പ’ ചുമത്താനും ശിപാര്‍ശ ചെയ്​തിട്ടുണ്ട്​. പുതുതായി ആരംഭിച്ച റൗഡി ഹിസ്​റ്ററി ഷീറ്റില്‍ 40 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്​.

കൊടും കുറ്റവാളികള്‍, ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍, മുന്‍ കുറ്റവാളികള്‍, ഗുണ്ടാ സംഘങ്ങള്‍ എന്നിവരെ കുറ്റകൃത്യങ്ങളുടെ തോതനുസരിച്ച്‌ തരം തിരിച്ചു. കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങളും നിലവിലെ അവസ്ഥയും നിരീക്ഷിച്ച്‌ തത്സമയ റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ ഇന്‍റലിജന്‍സ് പ്രവര്‍ത്തനം കാര്യക്ഷമമാക്കി. കുറ്റവാളികളുടേയും ഗുണ്ടാസംഘങ്ങളുടേയും സഞ്ചാരം സൈബര്‍സെല്‍ നിരീക്ഷിക്കും.

ക്രിമിനല്‍ നടപടിക്രമം 107, 108 വകുപ്പുകള്‍ പ്രകാരമുള്ള കരുതല്‍ നടപടികള്‍ കര്‍ശനമാക്കുകയും നല്ലനടപ്പ് ബോണ്ട് ലംഘനം നടത്തുന്നവരെ കരുതല്‍ തടങ്കലിന് വിധേയമാക്കുകയും ചെയ്യും.

ഇപ്പോള്‍ അന്വേഷണത്തിലുള്ള കേസുകളിലെ മുഴുവന്‍ പ്രതികളുടേയും ലിസ്റ്റ് തയാറാക്കി, ഒളിവില്‍ പോയവരെയും ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേകം സംഘങ്ങളെ നിയോഗിക്കും. കോടതികള്‍ പുറപ്പെടുവിച്ച വാറണ്ടുകള്‍ സമയബന്ധിതമായി നടപ്പാക്കും. ഗുണ്ടാസംഘങ്ങളും വിധ്വംസക പ്രവര്‍ത്തകരും ഉള്‍പ്പെട്ട കേസന്വേഷണത്തിന് അസിസ്റ്റന്‍റ്​ കമീഷണര്‍മാര്‍ മേല്‍നോട്ടം വഹിക്കും.

കേസുകളില്‍ ഉള്‍പ്പെട്ട ഗുണ്ടകളും സാമൂഹ്യവിരുദ്ധരും ജാമ്യം നേടി പുറത്തിറങ്ങുന്നതു തടയാന്‍ പ്രത്യേകം നടപടി സ്വീകരിക്കും. ജാമ്യലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജാമ്യം റദ്ദാക്കാന്‍ കോടതികളോട് അഭ്യര്‍ഥിക്കും. കുറ്റവാളികളുടെ കുറ്റകൃത്യങ്ങളുടെ രീതി അനുസരിച്ച്‌ പ്രത്യേക ലിസ്റ്റ് തയാറാക്കും. അക്രമ സ്വഭാവികള്‍, പിടിച്ചുപറിക്കാര്‍, സാമ്ബത്തിക കുറ്റവാളികള്‍, മാല മോഷ്ടാക്കള്‍, മദ്യം – മയക്കുമരുന്ന് കഞ്ചാവ് വില്‍പ്പനക്കാര്‍ എന്നിവരുടെയെല്ലാം ലിസ്റ്റ് തയാറാക്കി, നിരീക്ഷണം കര്‍ശനമാക്കും. നിലവില്‍ തൃശൂര്‍ സിറ്റി പൊലീസ് ജില്ലയിലെ 20 പൊലീസ് സ്റ്റേഷനുകളിലായി 712 പേര്‍ക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്.

മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരുടെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ സംവിധാനമൊരുക്കും. അവരുടെ താമസസ്ഥലങ്ങളില്‍ പോയി പരിശോധന നടത്തുന്നതിന് ഇലക്‌ട്രോണിക് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ എം-ബീറ്റ് മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിക്കും. പ്രകൃതിവസ്തു ചൂഷണം, മണല്‍ക്കടത്ത്, അബ്കാരി ആക്‌ട് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേയും നിരീക്ഷണം ശക്തമാക്കും. നിയമവിരുദ്ധ പ്രവൃത്തികള്‍ ശ്രദ്ധയില്‍പെട്ടാല്‍ കരുതല്‍ തടങ്കല്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കും. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്നവരേയും തീവ്രവാദ സ്വഭാവക്കാരേയും കര്‍ശന നിയമനടപടികള്‍ക്ക് വിധേയമാക്കുമെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്നും പൊലീസ്​ വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *