വയലാര്‍ രാമവര്‍മ്മ പുരസ്കാരം ഏഴാച്ചേരി രാമചന്ദ്രന്

തിരുവനന്തപുരം: 2020ലെ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. രാമചന്ദ്രന്‍ രചിച്ച ഒരു ‘വെര്‍ജീനിയന്‍ വെയില്‍ക്കാലം’ എന്ന കവിതയാണ് പുരസ്കാരത്തിന് അര്‍ഹത നേടിയത്. ഒരു ലക്ഷയും രൂപയും കാനായി കുഞ്ഞിരാമന്റെ ഒരു വെങ്കല ശില്‍പ്പവുമാണ് അവാര്‍ഡായി സമ്മാനിക്കുക. 41 കവിതകള്‍ ഉള്‍പ്പെട്ട കവിതാ സമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹത നേടിയിട്ടുള്ള ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം എന്ന പുസ്തകം.

ഡോ. കെപി മോഹനന്‍( സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എന്‍ മുകുന്ദന്‍, പ്രഫ. അമ്ബലപ്പുഴ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് കമ്മറ്റിയാണ് ഏഴാച്ചേരി രാമചന്ദ്രനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പ്രസിഡന്റായ പെരുമ്ബടവം ശ്രീധരനാണ് ജഡ്ജിംഗ് കമ്മറ്റി യോഗത്തിന്റെ അധ്യക്ഷത വഹിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ വെച്ച്‌ പെരുമ്ബടം ശ്രീധരനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ചന്ദനമണിവാതില്‍ പാതി ചാരി എന്നിവയുള്‍പ്പെടെ നിരവധി ചലച്ചിത്ര ഗാനങ്ങളും ഇദ്ദേഹത്തിന്റെ കൈമുദ്ര പതിഞ്ഞതായി പുറത്തിറങ്ങിയിട്ടുണ്ട്. നീലി, കയ്യൂര്‍, ആര്‍ദ്രസമുദ്രം, ബന്ധുരാംഗീപുരം എന്നിവയാണ് ഏഴാച്ചേരിയുടെ പ്രധാന കവിതകള്‍. കാറ്റുചിക്കിയ തെളിമണലില്‍, ഉയരും ഞാന്‍ നാടാകെ എന്നീ കൃതികളും അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ ഏഴാച്ചേരിയിലാണ് അദ്ദേഹത്തിന്റെ ജനനം. കവിതയ്ക്ക് പുറമേ നാടക രചനയിലും കഴിവ് തെളിയിച്ചിട്ടുള്ള ഏഴാച്ചേരി പ്രൊഫഷണല്‍ നാടക രചനയ്ക്ക് മൂന്ന് തവണ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ പുരോഗമന കലാസാഹിത്യം സംഘത്തിന്റെ വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. സാഹിത്യ പ്രവര്‍ത്തക സംഘം പ്രസിഡന്റിന്റെ ചുമതലയും വഹിച്ചു വരുന്നുണ്ട്. നേരത്തെ ചലച്ചിത്ര അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *