ലിബിയയില്‍ 7 ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ലിബിയയില്‍ ഏഴ് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയെന്ന് കേന്ദ്രസര്‍ക്കാര്‍. സെപ്തംബര്‍ 14നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നും മോചനത്തിനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ആന്ധ്രാ പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍. എണ്ണ ഉത്പാദന, വിതരണ മേഖലയില്‍ ജോലി ചെയ്തിരുന്നവരാണിവര്‍. അഷ്‍വരിഫ് എന്ന സ്ഥലത്ത് വെച്ചാണ് ഇവരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

ഇവരെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലിബിയന്‍ സര്‍ക്കാരിന്റെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും സഹായം തേടിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ടുണീഷ്യയിലെ ഇന്ത്യന്‍ എംബസിയും ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ്. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ കുടുംബവുമായി സര്‍ക്കാര്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും എത്രയും പെട്ടെന്ന് സുരക്ഷിതരായി മോചിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *