സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.

ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യു അധികൃതരില്‍ നിന്ന് തന്നെ വാങ്ങിച്ച് ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മത,സമുദായ സംഘടനകളുടെ നേതാക്കളോ അധികൃതരോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വീകാര്യമാവില്ല. ഇത്തരത്തില്‍ നേരത്തേ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ എത്രയും പെട്ടെന്ന് തൊട്ടടുത്ത റവന്യൂ ഓഫീസില്‍ നിന്ന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. എത്രദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്നത് അതാത് കോളേജുകള്‍ക്ക് തീരുമാനിക്കാം.

ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളുടെ മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം നേടുന്നതിന് നേരത്തേ വികാരി ഉള്‍പ്പെടെയുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയാല്‍ മതിയായിരുന്നു. എന്നാല്‍ മുസ്ലീം മാനേജ് മെന്‍റ് കോളേജുകളില്‍ ഇത് അനുവദനീയമായിരുന്നില്ല. ഇത് വിവേചനമാണെന്ന് കാണിച്ച് ഒരു സംഘം വിദ്യാര്‍ത്ഥികളും കരുണ മെഡിക്കല്‍ കോളേജും, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ ഉപസംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *