ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കാൻ എല്‍ജെപി

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി റാംവിലാസ് പസ്വാന്റെ ലോക്ജനശക്തി പാർട്ടി (എല്‍ജെപി).

എൻഡിഎയിലെ പ്രധാനകക്ഷിയായ ജെഡിയു മത്സരിക്കുന്ന സീറ്റുകളില്‍ എല്‍ജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തും. ബിജെപിക്കെതിരെ മത്സരിക്കില്ല. കേന്ദ്രമന്ത്രിസഭയില്‍ തുടരും. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് എല്‍ജെപി വൃത്തങ്ങള്‍ വ്യക്തമാക്കി.

പാർട്ടി അധ്യക്ഷൻ ചിരാഗ് പസ്വാന്റെ നേതൃത്വത്തിൽ നടന്ന പാർലമെന്ററി ബോർഡ് യോഗത്തിൽ ബിജെപിക്ക് അനുകൂലമായി പ്രമേയം പാസാക്കി. എൻഡിഎയിലെ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ബിഹാറില്‍ ജെഡിയു 122 സീറ്റുകളിലും ബിജെപി 121 സീറ്റുകളിലും മത്സരിക്കാന്‍ ധാരണയായിരുന്നു.

ജീതന്‍‌റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കുള്ള സീറ്റുകള്‍ ജെഡിയുവും എല്‍ജെപിക്കുള്ള സീറ്റുകള്‍ ബിജെപിയും നല്‍കാനായിരുന്നു ധാരണ.

എന്നാൽ ഇടഞ്ഞ് നില്‍ക്കുന്ന എല്‍ജെപിയെ അനുനയിപ്പിക്കാനുള്ള അവസാനഘട്ട ശ്രമങ്ങൾ പാളി. 2015ല്‍ എല്‍ജെപി 40 സീറ്റുകളിലായിരുന്നു മത്സരിച്ചത്. ഇത്തവണ 42 സീറ്റുകള്‍ വേണമെന്നായിരുന്നു ആവശ്യം. ജെഡിയു ചില സീറ്റുകള്‍ വിട്ട് നല്‍കിയാല്‍ എല്‍ജെപിയെ അനുനയിപ്പിക്കാമെന്നായിരുന്നു ബിെജപിയുടെ കണക്കുകൂട്ടല്‍. 120ല്‍ താഴെ സീറ്റുകളില്‍ മത്സരിക്കില്ലെന്ന കടുംപിടുത്തം ജെഡിയു തുടര്‍ന്നതോടെ എല്‍ജെപിയെ അനുനയിപ്പിക്കേണ്ട ബാധ്യത ബിജെപിയുടേതായി മാറി.

25 മുതല്‍ 30 വരെ സീറ്റുകള്‍ നല്‍കി എല്‍ജെപിയെ അനുനയിപ്പിക്കാനുള്ള ബിജെപി ശ്രമം വിഫലമായി. ജെഡിയു മത്സരിക്കുന്ന സീറ്റുകളിലായിരിക്കും എൽജെപി സ്ഥാനാർഥികളെ നിര്‍ത്തുക.

Leave a Reply

Your email address will not be published. Required fields are marked *