50:50: ബിഹാറില്‍ ജെഡിയു ബിജെപി സീറ്റ് ധാരണയായി

പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ ഭരണപക്ഷമായ എന്‍ഡിഎ മുന്നണിയില്‍ സീറ്റ് ധാരണയായതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും സീറ്റുകള്‍ തുല്യമായി പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചതായാണ് വിവരം.

ധാരണയനുസരിച്ച് ആകെയുള്ള 243 സീറ്റുകള്‍ ജെഡിയുവിന് 122 സീറ്റുകളും ബിജെപിക്ക് 121 സീറ്റും ലഭിക്കും. ജിതന്‍ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്ക് ജെഡിയുവിന്റെ ക്വാട്ടയില്‍ നിന്നും രാം വിലാസ് പാസ്വാന്റെ എല്‍ജെപിക്ക് ബിജെപിയുടെ ക്വാട്ടയില്‍ നിന്നും സീറ്റുകള്‍ നല്‍കാനാണ് ധാരണ. എച്ച്.എ.എമ്മിനും എല്‍ജെപിക്കും എത്രവീതം സീറ്റുകള്‍ എന്നത് സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല.

എല്‍ജെപി ഈ ധാരണ അംഗീകരിക്കുമോ എന്നതില്‍ വ്യക്തതയില്ല. സീറ്റ് വിഭജനം ഉടന്‍ നടത്തണമെന്നും ഇല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ഭീഷണിമുഴക്കിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറുമായി അകല്‍ച്ചയിലുള്ള എല്‍ജെപി, ജെഡിയു മത്സരിക്കുന്നയിടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ഭീഷണിമുഴക്കിയിരുന്നു.

മുന്നണിക്ക് നേതൃത്വം നല്‍കുന്ന ആര്‍.ജെ.ഡി 144 സീറ്റുകളില്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 70, സിപിഐഎംഎല്‍ 19, സിപിഐആറ്, സിപിഎംനാല് എന്നിങ്ങനെയാണ് മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം.

Leave a Reply

Your email address will not be published. Required fields are marked *