നീതി ഉറപ്പാക്കുന്നത് വരെ പോരാടും: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ ഹാഥ്റസില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി ഡൽഹിയിലെ മഹാഋഷി വാൽമീകി ക്ഷേത്രത്തിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക.

‘ഞങ്ങളുടെ സഹോദരിയാണ് കൊല്ലപ്പെട്ടത്, അവള്‍ക്ക് നീതി ഉറപ്പാക്കുന്നത് വരെ ഞങ്ങള്‍ പോരാടും, നീതി ലഭിക്കുന്നത് വരെ ഞങ്ങൾ നിശബ്ദമായി ഇരിക്കാന്‍ ഉദ്ദേശിക്കുന്നില്ല’ പ്രാര്‍ഥനായോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അവർ പറഞ്ഞു.

‘സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഒരു സഹായവുമുണ്ടായില്ല. ആ കുടുംബത്തിനെ ഓര്‍‍ക്കുമ്പോള്‍ നിസ്സഹായത തോന്നുന്നു. സർക്കാരിനുമേൽ കഴിയാവുന്നത്ര രാഷ്ട്രീയ സമ്മർദ്ദം ചെലുത്താന്‍ ശ്രമിക്കും. സംസ്കാര ചടങ്ങില്‍ പോലും ആ കുട്ടിക്ക് നീതി ലഭിച്ചില്ല’

അതേസമയം, ഇന്ത്യ ഗേറ്റിൽ വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഹാഥറസ് ബലാത്സംഗക്കൊലക്കെതിരായ പ്രതിഷേധ സംഗമം ജന്തർ മന്തറിലേക്ക് മാറ്റി. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെത്തടര്‍ന്നാണിത്.

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ളവര്‍ പങ്കെടുക്കുമെന്ന് അറിയിച്ച പ്രതിഷേധ പരിപാടിയാണ് ഇപ്പോള്‍ ജന്തര്‍ മന്തറിലേക്ക് മാറ്റിയത്. ഗുജറാത്ത് എം.എൽ.എയും ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനിയും പ്രതിഷേധ പരിപാടിക്ക് ഐക്യദാര്‍ഡ്യവുമായി എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *