ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാവരേയും വെറുതെ വിട്ടു

ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്‌തല്ലെന്ന് ലഖ്‌നൗ സി.ബി.ഐ കോടതിയുടെ വിധി പ്രസ്‌താവം. കേസിൽ എല്ലാവരേയും വെറുതെ വിട്ടു. കനത്ത സുരക്ഷയിലാണ് ലഖ്‌നൗ കോടതി വിധി പ്രസ്‌താവിച്ചത്. രണ്ടായിരത്തിലധികം പേജുളളതായിരുന്നു വിധി. 32 പ്രതികളിൽ 26 പേരാണ് കോടതിയിൽ എത്തിയത്. കോടതി വിധി പറയുന്ന പശ്‌ചാത്തലത്തിൽ അയോദ്ധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മസ്ജിദ് തകർത്തതിന് പിന്നിൽ പങ്കില്ലെന്നും ഗൂഡാലോചന നടത്തിയിട്ടില്ലെന്നുമാണ് എൽ.കെ അദ്വാനിയും ജോഷിയും മൊഴി നൽകിയത്.

മസ്ജിദ് തകർക്കുമ്പോൾ ഈ നേതാക്കളുടെയെല്ലാം സാന്നിദ്ധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതെല്ലാം കോടതി വിശദമായി പരിശോധിച്ചു. 2001ൽ ഗൂഢാലോചന കുറ്റത്തിൽ നിന്ന് അദ്വാനി ഉൾപ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസിൽ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017ൽ വിധിച്ചു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു. കൊവിഡ് കാലത്ത് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂർത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചു. ബാബറി മസിജ്ദ് തകർത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തർക്ക കേസിലെ വിധിയിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മാണം ആരംഭിച്ചിരിക്കെയാണ് മസിജ്ദ് തകർത്ത കേസിൽ വിധി വരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *