സംസ്ഥാനത്ത് ബാറുകള്‍ തുറക്കണമെന്ന് എക്സൈസ് വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകള്‍ തുറക്കണമെന്ന് എക്സൈസ് വകുപ്പ്. പഞ്ചാബ്, ബംഗാള്‍, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന പശ്ചാത്തലത്തില്‍ കേരളത്തിലും തുറക്കാമെന്നാണ് എക്സൈസ് കമ്മിഷണറുടെ ശുപാര്‍ശ. കോവിഡ് നിയന്ത്രങ്ങള്‍ പാലിച്ചുള്ള നിര്‍ദേശമാണ് പുറപ്പെടുവിക്കുക എന്നാണ് സൂചന.

ബാറുകളിലും ബീയര്‍ പാര്‍ലറുകളിലും നിലവില്‍ പ്രത്യേക കൗണ്ടര്‍ വഴി പാഴ്സല്‍ വില്‍പന മാത്രമാണുള്ളത്. അതിനായി ബെവ്കോ ആപ്പില്‍ ബുക്ക് ചെയ്യണം. ലൈസന്‍സ് ഫീസ് ഇനത്തില്‍ വന്‍ തുക നല്‍കുന്ന തങ്ങള്‍ക്ക് ഇതു വന്‍ സാമ്ബത്തിക ബാധ്യത വരുത്തുന്നതായി ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നതു പോലെ കേരളത്തിലും തുറക്കണമെന്നാവശ്യപ്പെട്ടു സംഘടന നിവേദനവും നല്‍കി.

സംസ്ഥാനത്ത് 596 ബാറുകളും 350 ബിയര്‍ വൈന്‍ പാര്‍ലറുകളുമുണ്ടെന്നാണ് കണക്ക്. ബാറുകള്‍ തുറന്നാല്‍ പാഴ്സല്‍ വില്‍പന അവസാനിപ്പിക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെയാകും പ്രവര്‍ത്തന സമയം. നിശ്ചിത അകലത്തില്‍ കസേരകള്‍ ഇടണമെന്നും ഒരു മേശയില്‍ 2 പേര്‍ മാത്രമേ പാടുള്ളൂവെന്നും നിര്‍ദേശം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *