ലാവ്‌ലിൻ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: ലാവ്‌ലിൻ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ തവണ ജസ്റ്റിസ് ലളിത് കേസ് കേൾക്കുന്നതിൽനിന്ന് പിന്മാറിയിരുന്നു.

ഓഗസ്റ്റ് 27 നാണ് കേസ് ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരൺ എന്നിവരുടെ ബെഞ്ചിലേക്ക് മാറ്റിയത്. സെപ്റ്റംബര്‍ 20ന് ശേഷം ഉചിതമായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ പുതിയ ബെഞ്ച് ഉത്തരവിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

2017 ഒക്ടോബറിലാണ് ലാവ‌‌്‌ലിന്‍ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അന്തിമവാദം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനായിരുന്നു അവസാനം കേസ് പരിഗണനയ്ക്ക് വന്നത്.

കേസിലെ ഏഴാം പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഒന്നാം പ്രതിയായിരുന്ന മുന്‍ ഊര്‍ജജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, എട്ടാം പ്രതി മുന്‍ ജോയിന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ വിചാരണ കോടതി നടപടി 2017 ഓഗസ്റ്റ് 23ന് ഹൈക്കോടതി ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സിബിഎയുടെ ഹര്‍ജി.

Leave a Reply

Your email address will not be published. Required fields are marked *