ശബരിമല മണ്ഡല മകരവിളക് തീർത്ഥാടനം വെർച്വൽ ക്യൂ വഴി മാത്രം

തിരുവനന്തപുരം:  ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക് തീർത്ഥാടനം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്താൻ ദേവസ്വം ബോർഡ് യോഗ തീരുമാനമായി.

ശബരിമല തീർത്ഥാടനം വേണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു. വെർച്വൽ ക്യൂ വഴിയാണ് ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പറഞ്ഞു.

വെർച്വൽ ക്യു വഴി എത്ര പേരെ പ്രവേശിപ്പിക്കാം, ഒരു ദിവസം എത്ര ഭക്തർക്ക് പ്രവേശനം നൽകാം, തീർത്ഥാടകർക്കുള‌ള പ്രോട്ടോകോൾ എന്നിവ തീരുമാനിക്കാനാണ് ഉന്നതതല സമിതി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിൽ ആരോഗ്യവകുപ്പ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി,ദേവസ്വം സെക്രട്ടറി എന്നിവർ സമിതി അംഗങ്ങളാകും.

ദർശന സമയം സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായി ഉന്നതതല സമിതി സമർപ്പിക്കുമെന്നും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള‌ള അയ്യപ്പ ഭക്തർക്കും പ്രവേശനമാകാം.നെയ്യഭിഷേകമോ സന്നിധാനത്ത് വിരി വയ്‌ക്കാനുള‌ള സൗകര്യമോ ഉണ്ടാകില്ല. നെയ്യഭിഷേകത്തിന് പകരമായി ഒരു സംവിധാനം ഏർപ്പെടുത്തുമെന്നും എൻ.വാസു അറിയിച്ചു. അന്നദാനം വേണ്ടെന്ന് വയ്‌ക്കില്ല. പരിമിതമായ തോതിൽ ഉണ്ടാകും. പൊതുവായ പാത്രം എടുക്കാതെ പകരം സംവിധാനമുണ്ടാകും.

 

Leave a Reply

Your email address will not be published. Required fields are marked *