രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതില്‍ കര്‍ഷകരുടെ പങ്ക് വലുത്‌ : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതില്‍ കര്‍ഷകരുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്ക് എങ്ങനെയാണ് നേട്ടമുണ്ടാക്കുകയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തില്‍ വിശദീകരിച്ചു. കര്‍ഷകര്‍ രാജ്യത്തിനു നല്‍കിയ സംഭാവനകളെക്കുറിച്ചും കാര്‍ഷികോല്‍പന്ന മേഖലയിലെ പുതിയ മാറ്റങ്ങളുണ്ടാക്കുന്ന നേട്ടങ്ങളെക്കുറിച്ചും മോദി പറഞ്ഞു.

പഴങ്ങളും പച്ചക്കറികളും 2014-ല്‍ കാര്‍ഷികോത്പന്ന കമ്ബോള സമിതി (എ.പി.എം.സി.) നിയമത്തില്‍നിന്ന് പുറത്തുകൊണ്ടുവന്നത് കര്‍ഷകര്‍ക്ക് ഗുണം ചെയ്തെന്നും പുതിയ ബില്ലുകളും ഇതേഫലം ചെയ്യുമെന്നും മോദി പറഞ്ഞു. ബില്ലുകള്‍ക്കെതിരേ രാജ്യത്ത് പലയിടത്തും പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.

ആത്മനിര്‍ഭര ഭാരതം കെട്ടിപ്പടുക്കുന്നതില്‍ കര്‍ഷകര്‍ക്കു വലിയ പങ്കുണ്ട്. കോവിഡ് കാലത്തു രാജ്യത്തെ കാര്‍ഷിക മേഖലയുടെ കരുത്ത് നമ്മള്‍ അറിഞ്ഞതാണ്. അഗ്രി പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി നിയമം പഴം, പച്ചക്കറി മേഖലകളില്‍ നിന്ന് ചില സംസ്ഥാനങ്ങള്‍ എടുത്തു കളഞ്ഞപ്പോള്‍ കര്‍ഷകര്‍ കൂടുതല്‍ ശാക്തീകരിക്കപ്പെട്ടു. ഇപ്പോള്‍ ധാന്യക്കര്‍ഷകര്‍ക്കും അതേ സ്വാതന്ത്ര്യവും ശാക്തീകരണവും കൈവരികയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദാഹരണങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു.

മഹാത്മാഗാന്ധി വിഭാവനം ചെയ്ത സാമ്ബത്തിക തത്വശാസ്ത്രം പാലിക്കപ്പെട്ടിരുന്നെങ്കില്‍ ഇന്ത്യ നേരത്തേ സ്വയം പര്യാപ്തത കൈവരിക്കുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എങ്കില്‍ ആത്മനിര്‍ഭര ഭാരതം പദ്ധതി ഇപ്പോള്‍ പ്രഖ്യാപിക്കേണ്ടി വരില്ലായിരുന്നു. സാങ്കേതിക വിദ്യയുടെ ഉപയോഗം കര്‍ഷകര്‍ക്ക് അനിവാര്യമാണ്. പുതിയ സാഹചര്യങ്ങളില്‍ അതിന്റെ നേട്ടം കര്‍ഷകര്‍ക്കു ലഭിക്കും. അതു വലിയ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *