ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‍ലാമി: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: യു.ഡി.എഫിൽ ആധിപത്യം ഉണ്ടാക്കാൻ ലീഗ് ശ്രമമെന്നും ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‍ലാമിയാണെന്നും സി​.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ലോക്​സഭയിൽ യു.ഡി.എഫ്​ എം.പിമാർ ബി.ജെ.പിയുടെ ബി ടീമായി മാറിയതായി കോടിയേരി ആരോപിച്ചു. കർഷക ബില്ലിനെതിരെ സി.പി.എം അംഗങ്ങൾ രാജ്യസഭയിൽ പോരാടിയപ്പോൾ, ലോക്​സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട 19 യു.ഡി.എഫ്​ അംഗങ്ങൾ മൗനം പാലിച്ചു. കർഷക വിരുദ്ധ ബില്ല്​ വോട്ടിനിടണമെന്ന്​ വാദിക്കാൻ പോലും കോൺഗ്രസ്​ ശ്രമിച്ചില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇത്​ ജനങ്ങൾക്കിടയിൽ തുറന്നുകാണിക്കാൻ സി.പി.എം പ്രചരണം നടത്തുമെന്നും പാർട്ടി സംസ്​ഥാന സെക്ര​ട്ടേറിയറ്റ്​ യോഗതീരുമാനങ്ങൾ വിശദീകരിച്ച്​ കോടിയേരി ബാലകൃഷ്​ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കോർപറേറ്റുകൾക്ക്​ കീഴടങ്ങിയ കേന്ദ്ര സർക്കാർ സാധാരണക്കാരെ ദ്രോഹിക്കുകയാണ്​ ചെയ്യുന്നത്​. എന്നാൽ, പച്ചക്കറിക്ക്​ തറവില നിശ്​ചയിച്ചും മത്സ്യമേഖലയിൽ ഇടപെട്ടും ഇടതുപക്ഷ സർക്കാർ കർഷകർക്കും മത്സ്യതൊഴിലാളികൾക്കും സംരക്ഷണമൊരുക്കുകയാണ്. ഹൈസ്​പീഡ്​ ഇൻറർനെറ്റിലൂടെ റിലയൻസിന്റെ കുത്തകവത്​കരണനീക്കങ്ങൾക്ക്​ കേരള സർക്കാർ നടപ്പാക്കുന്ന കെ ഫോൺ പദ്ധതി വിഘാതം സൃഷ്​ടിക്കുമെന്നും കോടിയേരി പറഞ്ഞു.

1957 ല്‍ ഇ.എം.എസ് സര്‍ക്കാര്‍ വന്നപ്പോള്‍ സി.ഐ.എയുടെ പണം വാങ്ങി സമരം നടത്തിയവരാണ് കോണ്‍ഗ്രസുകാരെന്നും കോടിയേരി പറഞ്ഞു. ഇപ്പോള്‍ കോര്‍പറേറ്റുകളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഇടത് സര്‍ക്കാരിന് അനുകൂലമായ മുന്നേറ്റമുണ്ടായെന്ന് വിവിധ ഘട്ടങ്ങളില്‍ കേരളം തളിയിച്ചു. അതിനാല്‍ ഈ സര്‍ക്കാരിനെ വച്ചുപൊറുപ്പിക്കരുത് എന്നാണ് പ്രതിപക്ഷ തീരുമാനമെന്നും കോടിയേരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *