നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള നീക്കത്തില്‍ സർക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി.

പൊതുമുതല്‍ നശിപ്പിച്ച കുറ്റം ചുമത്തിയ കേസില്‍ നിലവില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍,കെ.ടി ജലീല്‍ എന്നിവര്‍ അടക്കം ആറ് പേരാണ് പ്രതികള്‍.

ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ കെ.എം മാണി 2015 മാർച്ച് 13 ന് ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയപ്പോഴാണ് അന്നത്തെ പ്രതിപക്ഷം നിയമസഭയില്‍ കയ്യാങ്കളി നടത്തിയത്. സ്പീക്കറുടെ കസേര, എമർജൻസി ലാമ്പ്, 4 മൈക്ക് യൂണിറ്റുകൾ, അടക്കം രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് അന്ന് സഭയില്‍ ഉണ്ടായത്.നിലവിൽ മന്ത്രിമാരായ ഇ പി ജയരാജൻ ,കെടി ജലീല്‍ ,വി ശിവൻകുട്ടി, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വി. ശിവൻകുട്ടി നൽകിയ അപേക്ഷയയുടെ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയില്‍ തടസഹരജിയും നല്‍കി. ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് സർക്കാരിന് വരാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്‍റെ ആവശ്യം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *