രാജ്യസഭ കാര്‍ഷിക ബില്ല് പാസാക്കി

ന്യൂഡല്‍ഹി: രാജ്യസഭയിലെ നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ കാര്‍ഷിക പരിഷ്കരണ ബില്ല് രാജ്യസഭയില്‍ പാസാക്കി. പ്രതിപക്ഷ അംഗങ്ങളെല്ലാം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയും ബില്ലിന്‍റെ പകര്‍പ്പ് വലിച്ച് കീറിയും പ്രതിഷേധിക്കുന്നതിനിടെയാണ് ബില്ല് പാസാക്കിയത്. കര്‍ഷകര്‍ക്കുള്ള മരണ വാറണ്ടാണ് ബില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ മിനിമം താങ്ങുവില എടുത്ത് കളയില്ലെന്നും കര്‍ഷകരെ സംരക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുതെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെപ്യൂട്ടി ചെയര്‍മാന്‍റെ ചേംബറിലേക്ക് ഇരച്ചു കയറുകയും പ്രതിപക്ഷ അംഗങ്ങള്‍ ബില്ല് വലിച്ചു കീറി. സഭാ ചട്ടങ്ങള്‍ പാലിക്കാതെ ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്താനുള്ള ഡെപ്യൂട്ടി ചെയര്‍മാന്‍റെ തീരുമാനത്തിനെതിരെ മുതിര്‍ന്ന നേതാക്കളടക്കം പ്രതിഷേധം അറിയിച്ചു. എ.ഐ.ഡി.എം.കെ, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ജെ ഡി യു എന്നീ പാര്‍ട്ടികള്‍ പിന്തുണച്ചതോടെയാണ് എളുപ്പത്തില്‍ സര്‍ക്കാരിന് ബില്‍ പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞത്.

മിനിമം താങ്ങുവില മാത്രമല്ല സംസ്ഥാനങ്ങളുടെ അധികാരം ,പൊതു ഭക്ഷ്യവിതരണം , ഭക്ഷ്യ സംഭരണം എല്ലാം എടുത്ത് കളയുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഫെഡറല്‍ സംവിധാനം പൂര്‍ണമായും തകര്‍ക്കുന്നതാണ് ബില്ലെന്ന് കെ കെ രാഗേഷ് എം.പി പറഞ്ഞു. ബില്‍ കര്‍ഷകര്‍ക്ക് നല്ലതാണെങ്കില്‍ ബിജെപിയുടെ സഖ്യകക്ഷി അകാലിദള്‍ എന്തിനാണ് മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളയുകയാണെന്ന് ഡെറിക് ഒബ്രിയാന്‍ വിമര്‍ശിച്ചു.

പുതിയ കർഷക ബില്ല് കേരളത്തിന് കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. കാർഷിക ഉൽപന്നങ്ങളുടെ സംഭരണ കുത്തക കമ്പനികൾക്ക് കിട്ടും. പ്രാഥമിക ഉൽപാദക മേഖലയിൽ കമ്പനികൾ കടന്നു കയറുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കാർഷിക ബില്ലിലെ പ്രത്യാഘാതം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പ്ലാനിങ്ങ് ബോർഡിനെ ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *